ദേശീയോദ്യാനങ്ങളെ കാട്ടുതീയില്‍നിന്നും രക്ഷിക്കാന്‍ ഫയര്‍ ഫൈറ്റിംഗ് ടീം

 മൂന്നാര്‍: ദേശീയ ഉദ്യാനങ്ങളെ കാട്ടുതീയില്‍നിന്നും സംരക്ഷിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ ഫയര്‍ ഫൈറ്റിംഗ് ടീം. എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ കാട്ടുതീ പടരുന്ന ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവടങ്ങളെ സംരക്ഷിക്കുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്.മലമുകളിലടക്കം കയറിചെല്ലാന്‍ കഴിയുന്ന പ്രത്യേക വാഹനമടക്കം സജ്ജീകരിച്ചിട്ടുണ്ട്. പരിസ്ഥിതിക്കും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഓരോവര്‍ഷവും വന്‍തോതില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് ആധുനിക സംവിധാനങ്ങളടക്കം ഒരുക്കിയാണ് ഇത്തവണ വനം വന്യജീവി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ പത്തോളം അംഗങ്ങളുള്ള ഫയര്‍ ഫൈറ്റിംഗ് ടീം ഇരുപത്തിനാല് മണിക്കൂറും സജ്ജമാണ്. ഇതോടൊപ്പം തന്നെ കാട്ടുതീയുണ്ടായാല്‍ ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ പെട്ടന്ന് വിവരമറിയിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ കാട്ടുതീ പ്രതിരോധത്തിന് ബൗണ്ടറിയടക്കം തെളിച്ച് വലിയ രീതിയിലുള്ള മുന്‍കരുതലാണ് എടുത്തിട്ടുള്ളതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമി അറിയിച്ചു. കഴിഞ്ഞവര്‍ഷം വട്ടവട കടവരി, ജെണ്ടമല മേഘലയില്‍ 125 ഹെക്ടര്‍ യൂക്കാലിത്തോട്ടം കാട്ടുതീയില്‍ കത്തിയമര്‍ന്നു. ഏഴുദിവസം വനപാലര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് ചോലവനങ്ങളിലേക്ക് തീ പടരാതെ അണയ്ക്കാന്‍ സാധിച്ചത്. കഴിഞ്ഞദിവസം തൃശൂരില്‍ കാട്ടുതീ പടര്‍ന്ന് ഫോറസ്റ്റ് ജീവനക്കാരടക്കമുള്ളവര്‍ മരിച്ചു. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍കണ്ടാണ് തീ പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ കുറുഞ്ഞിമലയില്‍ 30ഉം ആനമുടിയില്‍ 32ഉം പാമ്പാടുംചോലയില്‍ 18ഉം വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വനംവകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ 650 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയും. വാഹനത്തില്‍ എട്ടു മിഷന്‍ വാളുകള്‍, ബ്ലോവര്‍ തുടങ്ങിയ നിരവധി ആധുനിക മെഷിനുകളുണ്ട്. കാട്ടുതി തടയുന്നതിന് മുപ്പത് മീറ്റര്‍ വീതിയില്‍ ഫയര്‍ ബ്രേക്ക് പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. 150 ഹെക്ടറുകളുള്ള വനപ്രദേശങ്ങള്‍ പത്തും പതിനഞ്ചും ഹെക്ടറാക്കി മാറ്റി കാട്ടുതീയുടെ വ്യാപ്തി കുറയ്ക്കുന്നതിന് നടപടികളും നടപ്പിലാക്കിവരുന്നതായി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമീര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് രാമരാജിന്റെ നേത്യത്വത്തില്‍ നാട്ടുകാരുടെ സഹകരണം ഉറപ്പുവരുത്തുന്നതിന് യോഗം നടത്തി. കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കാടിന്റെ സംരക്ഷണം ജനങ്ങളുടെ ആവശ്യമാണെന്നുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് വനപാലകരുടെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍