ഭീതിയില്‍ ഗള്‍ഫ്; കുവൈത്തില്‍ വിസാ സേവനം നിര്‍ത്തി

കുവൈത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ കൂടുതല്‍ നീണ്ടേക്കും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് വിസാ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു.ഇന്നലെ മാത്രം വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 48 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ 5 പേര്‍ക്ക് കൂടി രോഗം പിടിപെട്ടതായി അധികൃതര്‍ ഇന്ന് വെളിപ്പെടുത്തി. ഇതോടെ സൗദിയില്‍ മൊത്തം രോഗബാധിതരുടെ എണ്ണം ഇരുപതായി. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ആയിരങ്ങള്‍ നിരീക്ഷണത്തിലാണ്.എല്ലാ വിധ പ്രവേശന വിസകളും നിര്‍ത്തി വെക്കാന്‍ കുവൈത്ത് മന്ത്രിസഭാ യോഗം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തൊഴില്‍ വിസ , ടൂറിസ്റ്റ് വിസ , ഓണ്‍ അറൈവല്‍ വിസ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി മാര്‍ച്ച് 26 വരെ നീട്ടാനും കുവൈത്ത് തീരുമാനിച്ചു. ബഹ്‌റൈനിലെ തങ്ങളുടെ എല്ലാ പൗരന്‍മാരെയും മൂന്നു ദിവസത്തിനുള്ളില്‍ മാറ്റാന്‍ സൗദി അറേബ്യ തീരുമാനിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.ഖത്തറില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതല്‍ അടച്ചിടാനാണ് തീരുമാനം. എന്നാല്‍ സി. ബി.എസ്.ഇ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. എണ്ണ വിപണിയില്‍ സംഭവിച്ച വന്‍ ഇടിവിന്റെ ആഘാതത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഓഹരി വിപണിയിലും തകര്‍ച്ച തുടരുകയാണ്. ഗള്‍ഫിന്റെ സമ്പദ് ഘടനക്കേറ്റ തിരിച്ചടി മറികടക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍