പൗരത്വ നിയമ ഭേദഗതി പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നില്ലെന്നു കേന്ദ്രം

 ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഏതെങ്കിലും പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്നില്ലെന്നും അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങള്‍ക്ക് അഭയം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം ഇല്ലാതാക്കാനും പൗരത്വവുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ ബി.സി. ജോഷി പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്‍കിയ 150ഓളം ഹര്‍ജികളിന്മേല്‍ 133 പേജുള്ള സത്യവാങ്മൂലവും നിരവധി രേഖകളുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സമര്‍പ്പിച്ചത്. പൗരത്വ നിയമം ഭേദഗതി ചെയ്തപ്പോള്‍ മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയെന്ന വാദത്തിന് അടിസ്ഥാനമില്ല. ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കളെയും ടിബറ്റിലെ ബുദ്ധമത വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ന്യൂനപക്ഷ പീഡനം നേരിടുന്ന വിഭാഗങ്ങളേതെക്കൊയെന്നു തീരുമാനിക്കാനുള്ള അധികാരം പാര്‍ലമെന്റിനുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. പുതിയ ഭേദഗതി ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം ഉറപ്പ് നല്‍കുന്ന തുല്യതയ്‌ക്കെതിരാണെന്ന ഹര്‍ജിക്കാരുടെ വാദത്തെയും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. ഭരണഘടനയുടെ 14ാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്നതാണെങ്കിലും എല്ലാ നിയമങ്ങളിലും അത് ബാധകമാക്കാനാവില്ല. പൗരത്വം നല്‍കുന്നത് അടക്കമുള്ള ചില നിയമങ്ങളില്‍ ഇത്തരത്തില്‍ പ്രത്യേകമായി തിരിക്കാനുള്ള അധികാരം പാര്‍ലമെന്റിനുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കാനുള്ള വിവേചന അധികാരം സര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും അവകാശം ഉന്നയിച്ച് ആര്‍ക്കും കോടതിയെ സമീപിക്കാനാവില്ല. നിലവില്‍ കൊണ്ടുവന്ന ഭേദഗതി രാജ്യത്തെ പൗരന്മാരുടെ ഏതെങ്കിലും അവകാശത്തെ ബാധിക്കുന്നതല്ലെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു. അതേസമയം, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരേ നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍