എം.എല്‍.എമാരെ അടര്‍ത്തിമാറ്റുന്നത് തടഞ്ഞ് ദിഗ്‌വിജയ്‌സിംഗ

ഭോപ്പാല്‍: മദ്ധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കം തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. മുന്‍മുഖ്യമന്ത്രി നേരിട്ടിറങ്ങി എട്ട് എം.എല്‍.എമാരില്‍ ആറുപേരെ ഭോപ്പാലില്‍ തിരിച്ചെത്തിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇവരെ നേരെ മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതയിലേക്കാണ് കൊണ്ടുപോയത്.ഹരിയാനയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മനേസറില്‍ നാടകീയസംഭവങ്ങളാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി അരങ്ങേറിയത്. ദിഗ്‌വിജയ് സിംഗും മകനും മന്ത്രിയുമായ ജയ്‌വര്‍ദ്ധന്‍ സിംഗും മന്ത്രി ജിത്തു പട്‌വാരിയും ചേര്‍ന്നാണ് എം.എല്‍.എമാരെ തിരികെ എത്തിച്ചത്. ഇവരെ വടക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ജിലെ ഹോട്ടലിലേക്ക് കൊണ്ടുവരികയും അവിടെ നിന്ന് ഭോപ്പാലില്‍ എത്തിക്കുകയുമായിരുന്നു. കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ്പ്രതികരിച്ചു. സര്‍ക്കാരിനെ വീഴ്ത്താന്‍ സഹായിച്ചാല്‍ 35കോടി തരാമെന്നും മന്ത്രിയാക്കാമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ വിളിച്ച് പറഞ്ഞെന്ന് ഒരു കോണ്‍ഗ്രസ് എം.എല്‍.എ ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി ഉന്നം വച്ചായിരുന്നു ബി. ജെ. പിയുടെ അട്ടിമറി നീക്കം. മൂന്ന് രാജ്യസഭാ സീറ്റാണ് മദ്ധ്യപ്രദേശില്‍ ഒഴിവുള്ളത്. നിലവിലെ അംഗബലത്തില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസിന് ജയിക്കാനാകും. കുറച്ചു പേരെ മറുകണ്ടം ചാടിച്ചാല്‍ ബി.ജെ.പിക്ക് രണ്ട് സീറ്റ് പിടിക്കാമായിരുന്നു.രണ്ട് സീറ്റില്‍ കോണ്‍ഗ്രസിന്റെ ദിഗ്‌വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും തന്നെ മത്സരിക്കാനാണ് സാദ്ധ്യത. അതേസമയം, കമല്‍നാഥ് സിന്ധ്യ പോരാണ് വിമതനീക്കത്തിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, താന്‍ സിന്ധ്യയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന് കമല്‍നാഥുമായി അഭിപ്രായ ഭിന്നതയില്ലെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ശ്രമിച്ചെന്ന ആരോപണം ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ്ചൗഹാന്‍ നിഷേധിച്ചു. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ക്ക് ബി.ജെ.പിയെ പഴിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍