കന്നി രഞ്ജി കിരീടം ഉറപ്പിച്ച് സൗരാഷ്ട്ര; ബംഗാളിനെതിരേ ഇന്നിംഗ്‌സ് ലീഡ്

രാജ്‌കോട്ട്: രഞ്ജി ട്രോഫി കിരീടം ഉറപ്പിച്ച് സൗരാഷ്ട്ര. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗാളിനെ പുറത്താക്കി 44 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് നേടിയതോടെയാണ് സൗരാഷ്ട്ര കിരീടം ഏറെക്കുറെ ഉറപ്പിച്ചത്. സൗരാഷ്ട്രയുടെ കന്നി രഞ്ജി ട്രോഫി കിരീടമാണിത്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 425 റണ്‍സ് പിന്തുടര്‍ന്ന ബംഗാള്‍ 381 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരത്തിന്റെ അഞ്ചാം ദിവസമാണ് എന്നതിനാല്‍ ഇനി ഫലമുണ്ടാകാന്‍ സാധ്യത വിരളമാണ്. ഇതോടെയാണ് ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ സൗരാഷ്ട്ര കിരീടം ഉറപ്പിക്കുന്നത്. 354/6 എന്ന നിലയിലാണ് ബംഗാള്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. കിരീടം ഉറപ്പിക്കുന്നതിനുവേണ്ട ലീഡ് നേടാന്‍ അവര്‍ക്ക് 72 റണ്‍സ് കൂടി വേണ്ടിയിരുന്നു. അനുസ്തുപ് മഞ്ജുംദാര്‍ (58), അര്‍ണാബ് നന്ദി (28) എന്നിവരായിരുന്നു ക്രീസില്‍. എന്നാല്‍ അഞ്ചാം ദിനം കളി തുടങ്ങിയപ്പോള്‍ തന്നെ ജയദേവ് ഉനാഘട്ട് മഞ്ജുംദാറിനെ (63) വീഴ്ത്തി. ഒരു പന്തിനുശേഷം ആകാശ് ദീപ് റണ്ണൗട്ടാകുകയും ചെയ്തു. മുകേഷ് കുമാര്‍ (5), ഐ.സി. പോറെല്‍ (1) എന്നിവര്‍ പ്രതിരോധമില്ലാതെ മടങ്ങിയതോടെ ബംഗാളിന്റെലീഡ് പ്രതീക്ഷകള്‍ അവസാനിച്ചു. നന്ദി 40 റണ്‍സുമായി പുറത്താകാതെനിന്നു. 81 റണ്‍സ് നേടിയ സുദീപ് ചാറ്റര്‍ജിയാണ് ബംഗാളിന്റെ ടോപ് സ്‌കോറര്‍. മഞ്ജുംദാറിനു പുറമേ വൃദ്ധിമാന്‍ സാഹ (64) ബംഗാള്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടി. സൗരാഷ്ട്രയ്ക്കായി ജഡേജ മൂന്നും ഉനാദ്ഘട്ട്, മങ്കാദ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍