ബാങ്കുകളുടെ ഭദ്രതയില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

കൊച്ചി: ഓഹരിവില ബാങ്കുകളുടെ ഭദ്രതയുടെ സൂചനയല്ലെന്നു ബാങ്കിംഗ് വിദഗ്ധര്‍. അനുനിമിഷം മാറിമറിയുന്ന ഓഹരിവില വച്ച് ബാങ്കുകളെ വിലയിരുത്തുന്ന രീതി ഒരിടത്തുമില്ലെന്നും അവര്‍ പറഞ്ഞു. ബാങ്കിലെ നിക്ഷേപങ്ങളുടെ മൂല്യവും വിപണിമൂല്യവും തമ്മിലുള്ള അനുപാതം ചൂണ്ടിക്കാട്ടി ചില ബാങ്കുകളെ മോശമായി ചിത്രീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഒരിടത്തും മാനദണ്ഡമായി എടുക്കാത്ത ആ അനുപാതം ഉപയോഗിക്കുന്നത് ദുരുദ്ദേശ്യത്തോടെയാകാമെന്നു പലരും കരുതുന്നു.യെസ് ബാങ്കിന്റെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പലര്‍ക്കുമുള്ള ആശങ്കകള്‍ പെരുപ്പിക്കാനാണ് ഇത്തരം പ്രചാരണമെന്ന് ബാങ്കിംഗ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ബാങ്കുകള്‍ക്കു മതിയായ മൂലധന അടിത്തറ ഉണ്ടെന്നു കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു. സമ്മര്‍ദ്ദിത ആസ്തികളും മൂലധനവും തമ്മിലുള്ള അനുപാത (സിആര്‍എആര്‍) മാണ് ബാങ്കിന്റെ ആരോഗ്യം വിലയിരുത്താനുള്ള മാനദണ്ഡം. ഇത് എട്ടു ശതമാനം വേണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം. എന്നാല്‍, ഇന്ത്യയില്‍ ശരാശരി 14.3 ശതമാനമുണ്ടെന്നു സുബ്രഹ്മണ്യന്‍ പറഞ്ഞു. ഓഹരിവില കൂടുകയും കുറയുകയും ചെയ്യുന്നത് ബാങ്കിന്റെ ഭദ്രതയേക്കാള്‍ ലാഭത്തോത്, വളര്‍ച്ചത്തോത്, കാര്യക്ഷമത തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ്. അതിലുപരിയായ ഭദ്രതയും ആരോഗ്യവുമൊക്കെ അളക്കുന്നത് സിആര്‍എആര്‍ നോക്കിയാണ്: വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍