കൊച്ചിയിലും കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചിയില്‍ മൂന്ന് വയസുകാരന് കൊറോണ(കോവിഡ് 19) സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം തീയതി രാവിലെ 6.30നാണ് ഇവര്‍ നാട്ടിലെത്തിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും നേരിയ തോതില്‍ പനിയുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നു. ഉടന്‍തന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇറ്റലിയില്‍ നിന്ന് ദുബായ് വഴിയാണ് കേരളത്തില്‍ എത്തിയത്.ഇവര്‍ക്കൊപ്പം എത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. പരിഭ്രാന്തി വേണ്ടെന്നും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി. പത്തനംതിട്ടയില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും ഇവരുടെ ബന്ധുക്കളായ ദമ്പതികള്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയില്‍ ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും ഇവരുടെ സ്രവങ്ങള്‍ പരിശോധിക്കും. റാന്നിയിലെ വീട്ടിലെത്തി ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോട്ടയം സ്വദേശികളായ നാല് വയസുകാരനടക്കം പതിനഞ്ചോളം ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം 29നാണ് മൂന്നംഗ കുടുംബം ഇറ്റലിയില്‍ നിന്നെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരാകാതെ ടാക്‌സിയില്‍ റാന്നിയിലേക്ക് പോവുകയായിരുന്നു. അന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇവര്‍ ആളുകളുമായി ഇടപഴകുകയും പൊതുസ്ഥലങ്ങളില്‍ പോവുകയും ചെയ്തു.ഫെബ്രുവരി 29നാണ് 55 കാരനും ഭാര്യയും 22കാരനായ മകനും ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയത്. ബന്ധുവിന് പനി വന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണ ലക്ഷണങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവരോട് ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവര്‍ വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു.ഫെബ്രുവരി 29ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍126) വെനീസ് ദോഹ വിമാനത്തിലാണ് യാത്ര ചെയ്തത്. 11.20ന് വിമാനം ദോഹയിലെത്തി. ഒന്നര മണിക്കൂറിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. ഈ വിമാനത്തില്‍ സഞ്ചരിച്ചവര്‍ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍