ജയ്പൂരില്‍ ഇറ്റാലിയന്‍ സ്വദേശിയുടെ ഭാര്യക്കും കൊറോണ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇറ്റാലിയന്‍ സ്വദേശിയുടെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ആദ്യ സാമ്പിള്‍ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്. അറുപത്തിയൊമ്പതുകാരനായ ഇറ്റാലിയന്‍ വിനോദസഞ്ചാരിയുടെ ഭാര്യക്കും രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്. ജയ്പൂരിലെ സവായി മാന്‍ സിംഗ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇരുവരുമുള്ളത്. കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അധ്യക്ഷനായ ഉന്നതതല സമിതി ഇന്നു യോഗം ചേരും. അടുത്തയിടെ വിദേശ സന്ദര്‍ശനം നടത്തിയ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ടു നോയിഡയിലെ ആയിരം കമ്പനികള്‍ക്ക് അധികൃ തര്‍ നോട്ടീസ് നല്‍കി. കൊറോണയുടെ പശ്ചാത്തലത്തില്‍ 18 മുതല്‍ വിശാഖപട്ടണത്ത് നടത്താനിരുന്ന മിലാന്‍2020 സംയുക്ത പരിശീലനം നാവികസേന മാറ്റി വച്ചു.ഉത്തര്‍പ്രദേശില്‍ 13 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ആറു പേരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സാമ്പിളുകള്‍ പൂന വൈറോളജി ലാബി ലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയവരാണ് ഇവര്‍. തെലുങ്കാനയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.ഡല്‍ഹിക്കടുത്ത് നോയിഡയില്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് രണ്ടു സ്‌കൂളുകള്‍ അടച്ചിട്ടു. കിഴക്കന്‍ ഡല്‍ഹി സ്വദേശിയായ നാല്‍പത്തിയഞ്ചുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ രണ്ടു മക്കളും പഠിക്കുന്ന ശ്രീ രാം മില്ലേനിയം സ്‌കൂളാണ് മൂന്നു ദിവസത്തേക്ക് അടച്ചിട്ടത്. മുന്‍കരുതലായാണ് ശിവ് നാടാര്‍ സ്‌കൂള്‍ ആറു ദിവസത്തേക്ക് അടച്ചിട്ടത്. സ്‌കൂളും പരിസരവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ശുചീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍