കൊറോണ ഭീതിയില്‍ ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു

പാലക്കാട്: കോവിഡ് ഭീതിയോടൊപ്പം ചൂടും ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ജില്ലയിലെ ഇറച്ചികോഴി വില്പന മൂന്നിലൊന്നായി കുറഞ്ഞതായി വ്യാപാരികള്‍. ഫെബ്രുവരി ആദ്യവാരം കോഴിയിറച്ചി കിലോയ്ക്ക് 140 രൂപയായിരുന്നത് ഇപ്പോള്‍ 75 രൂപയിലേക്ക് കൂപ്പുകുത്തി. വില കുത്തനെ ഇടിഞ്ഞിട്ടും വില്പന നടക്കുന്നില്ലെന്നാണ് നഗരത്തിലെ വ്യാപാരികള്‍ പറയുന്നത്.അമ്പതു നോമ്പു തുടങ്ങിയത് ഉപയോഗം കുറയാന്‍ ഇടയാക്കിയെങ്കിലും ചൂടുകൂടിയതും കോവിഡുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കച്ചവടം കുറഞ്ഞതോടെ കടകളില്‍ സ്റ്റോക്കെടുക്കുന്നതും കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് നാമക്കല്ലില്‍ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും ഇറച്ചിക്കോഴികള്‍ വരുന്നത്. നഗരത്തിലെ മൊത്ത വ്യാപരികള്‍ പ്രതിദിനം 100 കിലോയോളം ഇറക്കുമതി ചെയ്തിരുന്നത് ഇപ്പോള്‍ പകുതിയായി കുറഞ്ഞു. ദിവസവും 75 കിലോയോളം വില്പന നടന്നിരുന്നത് ഇപ്പോള്‍ 20 കിലോയായി കുറഞ്ഞു.ഫെബ്രുവരി ആദ്യവാരം തന്നെ ജില്ലയില്‍ ചൂട് തലപൊക്കി തുടങ്ങിയിരുന്നു. ഈ കാലയളവില്‍ ഇറച്ചിക്കോഴി കിലോയ്ക്ക് 140 രൂപയുണ്ടായിരുന്നത് മാസാവസാനത്തോടെ 42 രൂപ കുറഞ്ഞ് 98 ലേക്കെത്തി. മാര്‍ച്ച് ഒന്നിന് അത് 56 ലേക്ക് കുത്തനെ ഇടിഞ്ഞെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് യഥാക്രമം 70, 75 എന്നിങ്ങനെ ഉയര്‍ന്നിട്ടുണ്ട്. കല്യാണ സീസണായതിനാല്‍ മൊത്ത വ്യാപാരികള്‍ക്ക് കുറച്ച് ആശ്വാസമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍