പ്രതിസന്ധി ഓഗസ്റ്റ് വരെ നീളും; യുഎസ് മാന്ദ്യത്തിലേക്ക്: ട്രംപ്

വാഷിംഗ്ടണ്‍ ഡിസി:കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ ഓഗസ്റ്റ് വരെ എടുത്തേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മാന്ദ്യത്തിലേക്കു നീങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ രോഗികളുടെ എണ്ണം 5700നടുത്തായി. മരണം 97ഉം. സ്‌കൂളുകളും റസ്റ്ററന്റുകളും പൂട്ടിയും യാത്രാനിരോധനം ഏര്‍പ്പെടുത്തിയും വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ പരിശ്രമം തുടരുന്നു. ഇതിനിടെയാണ്, അത്രയെളുപ്പം പ്രതിസന്ധി അതിജീവിക്കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മരണനിരക്ക് കുറയ്ക്കാനാകുമെന്നും വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സ്ഥിതിവച്ചു നോക്കുന്‌പോള്‍ യുഎസിലും രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ വരുംദിവസങ്ങളില്‍ വര്‍ധനയുണ്ടാവുമെന്നു കരുതപ്പെടുന്നു. വൈറ്റ്ഹൗസ് ഇന്നലെ ജനങ്ങള്‍ക്കായി കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒത്തുചേരല്‍ ചടങ്ങുകള്‍ ജനം ഒഴിവാക്കണം. തത്കാലം കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നില്ല. എന്നാല്‍ പത്തിലധികം പേര്‍ സംഘം ചേരുന്നത് ഒഴിവാക്കണം. ഇത്തരം ത്യാഗങ്ങള്‍ക്ക് ജനം തയാറായാല്‍ വൈറസിനെ പിടിച്ചുകെട്ടാനാകുമെന്ന് ട്രംപ് പ്രത്യാശിച്ചു. എല്ലാവരും ഈ യത്‌നത്തില്‍ പങ്കുചേര്‍ന്ന് അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം. യുവാക്കള്‍ക്ക് രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. പക്ഷേ അവര്‍ക്കു രോഗം പടര്‍ത്താനാകുമെന്ന് ട്രംപ് ഓര്‍മിപ്പിച്ചു. കലിഫോര്‍ണിയിയലെ സാന്‍ഫ്രാന്‍സിസ്‌കോയിലും സിലിക്കണ്‍വാലിയിലുമുള്ള 60 ലക്ഷം ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. രാജ്യത്തെ ഒട്ടനവധി തിയറ്റുകള്‍, ബാറുകള്‍, ഹോട്ടലുകള്‍ മുതലായവ അടച്ചിടാന്‍ തുടങ്ങി. എന്തുതരം സഹായത്തിനും സൈന്യം സജ്ജമായിരിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍