ദേവനന്ദ മുങ്ങിയ സ്ഥലം കണ്ടെത്താന്‍ പരിശോധന

കൊല്ലം:ദേവനന്ദ മുങ്ങി മരിച്ചത് ഇത്തിക്കരയാറിന്റെ ഏത് ഭാഗത്താണെന്ന് കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ പരിശോധനകള്‍ അവസാന ഘട്ടത്തിലേക്ക്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ ദേവനന്ദയുടെ വയറ്റിലും ശ്വാസകോശത്തിലും ആറ്റിലെ വെള്ളവും ചെളിയും കണ്ടെത്തിയിരുന്നു. ആറ്റിലെ ഏത് ഭാഗത്തെ ചെളിയും വെള്ളവുമാണിതെന്ന് കണ്ടെത്താന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളവും ചെളിയും ശേഖരിച്ചു. മൃതദേഹം കണ്ടെത്തിയ ഭാഗം, ആറിന് കുറുകെയുള്ള നടപ്പാലം, വീടിന് 70 മീറ്റര്‍ അകലെയുള്ള കല്‍പ്പടവുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് ചെളിയും വെള്ളവും ശേഖരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍മാരുടെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചെളിയും വെള്ളവും ശേഖരിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ അന്വേഷണ സംഘം ആറ്റിലെ ചെളിയും വെള്ളവും ശേഖരിച്ചിരുന്നുവെങ്കിലും കൂടുതല്‍ ശാസ്ത്രീയ ആധികാരികതയ്ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പരിശോധന.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്മാരായ ഡോ. കെ. ശശികല, ഡോ. വത്സല, ഡോ. ഷീന എന്നിവരടങ്ങിയ സംഘം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ചയോടെ ലഭിച്ചേക്കും. അതോടെ മരണത്തെ സംബന്ധിച്ചുള്ള അവ്യക്തത അവസാനിക്കുമെന്നാണ് പ്രതീക്ഷ.നെടുമണ്‍കാവ് ഇളവൂരിലെ അമ്മ ധന്യയുടെ കുടുംബ വീട്ടില്‍ നിന്ന് ഫെബ്രുവരി 27ന് രാവിലെ പത്തേകാലോടെ കാണാതായ ദേവനന്ദയെ അടുത്ത ദിവസം രാവിലെ ഏഴേകാലോടെ വീടിന് 350 മീറ്റര്‍ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശാസ്ത്രീയ അന്വേഷണ വഴികള്‍ പൊലീസ് തേടുമ്പോഴും കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ കുടുംബം ഉറച്ച് നില്‍ക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍