പുതിയ സിനിമകള്‍ ഓണ്‍ലൈനില്‍;തിയേറ്റര്‍ കളക്ഷന്‍ കുറയുന്നു

മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലെന്ന് ആശ്വസിക്കു ന്നതിനിടെ തിയറ്ററുകള്‍ക്ക് തിരിച്ചടിയായി ഓണ്‍ലൈന്‍ ഏജന്‍സികളുടെ വരവ്. സിനിമകളുടെ ഓണ്‍ലൈന്‍ അവകാശം വാങ്ങുന്ന ഏജന്‍സികള്‍ തിയറ്റര്‍ വിടും മുമ്പാണ് സിനിമകള്‍ വില്ക്കുന്നത്. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിലുണ്ട്. എന്നാല്‍ ഈ ചിത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഇറങ്ങുകയും ചെയ്തു. അതോടെ തിയറ്റര്‍ കളക്ഷന്‍ കുറയുകയും ചെയ്തു. റിലീസ് കഴിഞ്ഞ് 60 ദിവസമെങ്കിലും കഴിഞ്ഞേ ചിത്രം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കാകൂവെന്ന് കരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും പാലിക്കാറില്ലെന്ന് മാത്രം. ചില ബഹുരാഷ്ട്ര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മലയാള സിനിമകള്‍ വലിയ തുക നല്കിയാണ് വാങ്ങിയിരിക്കുന്നത്. ഇവര്‍ ചൂടാറും മുമ്പ് സിനിമകള്‍ ഓണ്‍ലൈനിലെത്തിക്കുന്നു. മലയാള സിനിമയില്‍ എണ്ണപ്പെരുപ്പവും വന്‍ നഷ്ടങ്ങളും അപൂര്‍വം ഹിറ്റുകളും നിറഞ്ഞതായിരുന്നു കഴിഞ്ഞ വര്‍ഷം. 192 സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്തതില്‍ 23 എണ്ണത്തിനു മാത്രമാണു മുടക്കുമുതല്‍ തിരിച്ചു കിട്ടിയത്. 12 ശതമാനം മാത്രം. 800 കോടിയിലേറെ ഈ സിനിമകളിലായി നിക്ഷേപം നടന്നിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കണക്കാക്കുന്നു. അതില്‍ 550 കോടിയിലേറെ നഷ്ടം.മുടക്കുമുതല്‍ തിരിച്ചുകിട്ടിയ 23 ചിത്രങ്ങളില്‍ കേവലം 7 എണ്ണം മാത്രമാണ് തിയേറ്ററുകളില്‍ കളക്ഷന്‍ കൊണ്ട് മാത്രം അത് നേടിയത്. ബാക്കിയുള്ളവയെല്ലാം സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം നേടിയിട്ടാണ് മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന തരത്തിലെങ്കിലും എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ 10 കോടിയിലേറെ മുതല്‍ മുടക്കുള്ള ചിത്രങ്ങള്‍ 12 എണ്ണമാണ്. തിയറ്ററുകളെ ആശ്രയിക്കാതെ മറ്റു മാര്‍ഗങ്ങളിലൂടെ വരുമാനം നേടാനുള്ള നിര്‍മാതാക്കളുടെ നീക്കമാണ് തിയറ്റുകള്‍ക്ക് തിരിച്ചടിയാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍