പ്രതിദിന എണ്ണയുല്‍പാദനം കുത്തനെ കൂട്ടി സൗദി അരാംകോ

സൗദി :സൗദി അരാംകോ പ്രതിദിന എണ്ണയുല്‍പാദനം കുത്തനെ കൂട്ടി. പ്രതിദിന ഉല്‍പാദനത്തില്‍ പത്ത് ലക്ഷം ബാരല്‍ വര്‍ധിപ്പിച്ച് 136 ലക്ഷം ബാരലായാണ് ഉയര്‍ത്തിയത്. ഇതോടെ ആഗോള എണ്ണവിപണിയില്‍ വിലയിടിവ് തുടരാനാണ് സാധ്യത. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ ഓഹരി വിപണിയിലും വര്‍ധനവുണ്ടാക്കി. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് എണ്ണയുല്‍പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചത്.നിലവിലെ പ്രതിദിന ഉല്‍പാദന ശേഷിക്കൊപ്പം പത്ത് ലക്ഷം ബാരല്‍ കൂടി വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം. ഒന്നേ ദശാംശം രണ്ട് ദശലക്ഷം ബാരാലാണ് നിലവിലെ ഉല്‍പ്പാദന ശേഷി. സൗദി ഊര്‍ജ മന്ത്രാലായത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിന് സൗദി അരാംകോ തീരുമാനം കൈകൊണ്ടത്.ആഗോള എണ്ണവിപണിയില്‍ വിലയിടിവ് തടയാന്‍ ഉല്‍പാദനം വെട്ടികുറക്കാനുള്ള കരാര്‍ ദീര്‍ഘിപ്പിക്കുന്നതില്‍ നിന്ന് റഷ്യ പിന്‍മാറിയ സാഹചര്യത്തിലാണ് സൗദിയുടെ നടപടി. പുതിയ തീരുമാനത്തോടെ അടുത്ത മാസം മുതല്‍ സൗദിയുടെ എണ്ണയുല്‍പാദനവും വിതരണവും സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. സൗദി അരാംകോയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവന്നതോടെ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന അരാംകോയുടെ ഓഹരി ഇടപാടും പുനസ്ഥാപിച്ചു. ഇത് സൗദി ഓഹരി വിപണിയായയ തദവ്വുലില്‍ നേട്ടമുണ്ടാക്കുന്നതിനും ഇടയാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍