ചൈനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് താരം അക്തര്‍

ലാഹോര്‍: ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതില്‍ ആശങ്കയറിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ഫാസറ്റ് ബോളര്‍ ഷോയ്ബ് അക്തര്‍. വൈറസ് വ്യാപനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ( പി.എസ്.എല്‍) മത്സരങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ( ഐ.പി.എല്‍) മത്സരങ്ങളും മാറ്റിവച്ചിരുന്നു. ലാഹോറില്‍ നടക്കുന്ന പി.എസ്.എല്ലില്‍ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് ബാക്കിയുള്ളത്. വെള്ളയാഴ്ച ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് പി.എസ്.എല്‍ മത്സരം നടന്നത്. അക്തറിന്റെ ആശങ്കയ്ക്കും ദേഷ്യത്തിനുമുള്ള പ്രധാന കാരണം പി.എസ്.എല്‍ മത്സരങ്ങള്‍ അനിശ്ചിതത്ത്വത്തിലായതാണ്. പാകിസ്ഥാനില്‍ ക്ഷയിച്ച് തുടങ്ങിയ ക്രിക്കറ്റ് പി.എസ്.എല്ലോടുകൂടിയാണ് പൂര്‍വ്വസ്ഥിതിയിലേക്കായി തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പി.എസ്.എല്‍ നടക്കുന്നത്. പക്ഷേ വൈറസ് വ്യാപനം കാരണം ജനശ്രദ്ധ നേടാനോ ക്രിക്കറ്റ് എന്ന വികാരം പഴയത് പോലെ പാകിസ്ഥാന്‍ ജനതയില്‍ എത്തിക്കാനോ കഴിഞ്ഞില്ല. വൈറസ് ബാധകാരണ വിദേശതാരങ്ങളൊക്കെ തിരിച്ച് പോവുകയാണ്. അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ കൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വൈറസ് ലോകവ്യാപകമായി പടരുന്നതിന്റെ കാരണക്കാരായി അക്തര്‍ കുറ്റപ്പെടുത്തുന്നത് ചൈനീസ് പൗരന്‍മാരെയാണ്. ' നിങ്ങള്‍ എന്തിനാണ് വവ്വാലുകളുടെ മാംസം കഴിക്കുകയും രക്തവും മൂത്രവും കുടിക്കുകയും ലോകത്താകെ വൈറസുകളെ പടര്‍ത്തുകയും ചെയ്യുന്നതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. ഞാന്‍ പറയുന്നത് ചൈനക്കാരെ കുറിച്ചാണ്. അവരാണ് ഇപ്പോള്‍ ലോകത്തെ അപകടത്തിലാക്കിയത്. അവര്‍ എങ്ങനെയാണ് വവ്വാല്‍, പട്ടി, പൂച്ച എന്നിവയെ തിന്നുന്നത്. ആലോചിക്കുമ്പോള്‍ തന്നെ ദേഷ്യം വരുന്നു.' അക്തര്‍ തന്റെ യൂട്യൂബ് ചാലനലില്‍ പറഞ്ഞത്.
ഇത്തരം കാടത്തരങ്ങള്‍ മാറാന്‍ നടപ്പിലാക്കേണ്ട പുതിയ നിയമത്തെ കുറിച്ചും അക്തര്‍ പറഞ്ഞു.
' ഞാന്‍ ചൈനയിലെ ജനങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ അവര്‍ മൃഗങ്ങളെ ഭക്ഷിക്കുന്ന രീതിയ്ക്ക് ഞാന്‍ എതിരാണ്. ചിലപ്പോള്‍ അതവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കാം പക്ഷേ ഇതിലൂടെ അവര്‍ക്ക് എന്ത് ലാഭമാണ് കിട്ടുന്നത്. ഞാന്‍ പറയുന്നത് നിങ്ങള്‍ ചിലപ്പോള്‍ തള്ളിക്കളയാം. എന്തിനെയും ഭക്ഷിക്കുന്ന നിങ്ങളുടെ നിയമം മാറണം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയണമെന്ന് അക്തര്‍ വീഡിയോയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. 130കോടി ഇന്ത്യക്കാരില്‍ തന്റെ സുഹൃത്തുക്കളുമുണ്ട്. ആര്‍ക്കും ആപത്ത് വരില്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. നിലവില്‍ നൂറിലധികം രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചുകഴിഞ്ഞു. ലോകത്ത് 1.2ലക്ഷത്തോളം പേര്‍ വൈറസ് ബാധിതരാണ്. ഇന്ത്യയില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ക്രിക്കറ്റ് രംഗത്ത് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരങ്ങള്‍ ഉപേക്ഷിച്ചു. ന്യൂസിലാന്റ് ആസ്‌ട്രേലിയയുമായുള്ള മത്സരങ്ങളും ഉപേക്ഷിച്ചു. ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവച്ചു. വൈറസ് വ്യാപനം കാരണം ഹോട്ടല്‍ മേഖല, ടൂറിസം മേഖല, ബ്രോഡ്കാസ്റ്റിങ് മേഖല എന്നിവയൊക്കെ കനത്ത തിരിച്ചടി നേരിടുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍