രണ്ടാഴ്ച മുന്‍പ് ഇറ്റലിക്കാര്‍ കൊട്ടാരത്തിലെത്തിയതിനാല്‍ അടച്ചിടണമെന്ന ആവശ്യം ശക്തം

 തിരുവനന്തപുരം: നിരവധി വിദേശികളെത്തുന്ന പദ്മനാഭപുരം കൊട്ടാരത്തിലും കോവിഡ്19 ഭീതി. ഫെബ്രുവരി 28ന് ഇറ്റലിക്കാരായ 17 പേര്‍ കൊട്ടാരം സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തി. വിദേശികളെത്തുന്ന സീസണായതിനാല്‍ നിരവധി പേര്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.വൈറസ് വ്യാപനം തടയാനായി കൊട്ടാരം അടച്ചിടണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മ്യൂസിയംപുരാവസ്തുവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇതേതുടര്‍ന്നുള്ള തീരുമാനങ്ങള്‍ വ്യാഴാഴ്ച ഉണ്ടായേക്കും. കേരളത്തില്‍ ഡെങ്കിപ്പനി, എച്ച് 1 എന്‍ 1 രോഗങ്ങള്‍ ഉണ്ടായപ്പോള്‍ തമിഴ്‌നാടുമായുള്ള അതിര്‍ത്തിയിലെ കാവല്‍ ശക്തമായിരുന്നു. എന്നാല്‍ ലോകത്താകെ നാശം വിതയ്ക്കുന്ന കോവിഡ്19യെ ചെറുക്കാന്‍ അത്തരത്തിലൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. പോണ്ടിച്ചേരിയിലെയും കള്ളിക്കാട്ടെയും ചില ആശ്രമങ്ങളില്‍ നിന്ന് വിദേശികള്‍ കൊട്ടാരത്തിലേക്ക് എത്തുന്നുണ്ട്. കോവിഡ്19 ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. രണ്ടാഴ്ച മുമ്ബ് കൊട്ടാരത്തിലെത്തിയ ഇറ്റലിക്കാരും ഒരു ആശ്രമത്തില്‍ നിന്നാണെത്തിയത്.കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ നിരവധി രാജ്യങ്ങളിലെ സഞ്ചാരികള്‍ കൊട്ടാരത്തിലെത്തിയിരുന്നു. ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാനും കൊട്ടാരത്തിലെത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നടപടികള്‍ക്കെതിരെ ചിലര്‍ വിമുഖത കാട്ടുകയാണെന്നും വിദേശികളോടൊപ്പമെത്തുന്ന ഗൈഡുകളും സഹകരിക്കുന്നില്ലെന്ന് കൊട്ടാരത്തിലെ ജീവനക്കാര്‍ പറഞ്ഞു.വിദേശികള്‍ കൊട്ടാരത്തിലെത്തുന്നത് തടയണമെന്നും, കൊട്ടാരവളപ്പില്‍ പരിശോധനകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്നും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം സര്‍ക്കാറാണ് എടുക്കുന്നതെന്ന് കൊട്ടാരം അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. പുരാവസ്തു വകുപ്പിന് നിരവധി മ്യൂസിയങ്ങളുണ്ടെന്നും പദ്മനാഭപുരം കൊട്ടാരം മാത്രം അടച്ചിടാന്‍ കഴിയില്ലെന്നും ഡയറക്ടര്‍ കെ.ആര്‍. സോന അറിയിച്ചു. സര്‍ക്കാര്‍ ഉടന്‍ തന്നെ ഉചിതമായ തീരുമാനം എടുക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍