ഫ്രഞ്ച് ഓപ്പണ്‍ മാറ്റിയതില്‍ പ്രതിഷേധവുമായി താരങ്ങള്‍

 പാരീസ്: കൊറോണയെ ഭയന്ന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റ് സെപ്തംബറിലേക്ക് മാറ്റിയതില്‍ പ്രതിഷേധവുമായി ചില കായികതാരങ്ങള്‍. കൃത്യമായ പ്‌ളാനിംഗില്ലാതെ പൊടുന്നനെ ഗെയിംസ് മാറ്റിയത് ശരിയായില്ലെന്നാണ് പരാതി. സെപ്തംബര്‍ 20ന് ടൂര്‍ണമെന്റ് തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ യു.എസ് ഓപ്പണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ടൂര്‍ണമെന്റ് നടത്തുന്നത് ശരിയല്ലെന്ന് കനേഡിയന്‍ താരം വാസെക്ക് പോപ്‌സില്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നു. താരങ്ങളുമായി ആലോചിച്ച് കൂടുതല്‍ സൗകര്യപ്രദമായ ഒരു തീയതിയിലേക്ക് മാറ്റണമെന്നാണ് പലരുടെയും ആവശ്യം. എ.ടി.പി പ്‌ളേയേഴ്‌സ് കൗണ്‍സിലുമായി ആലോചിച്ചശേഷമല്ല പുതിയ തീയതി നിശ്ചയിച്ചതെന്നും പരാതിയുണ്ട്. അമേരിക്കയും വൈറസിന്റെ പിടിയിലായതോടെ ആഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ 13 വരെ ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യു.എസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റും നീട്ടിവച്ചേക്കും.കഴിഞ്ഞദിവസം യു.എസ് ഓപ്പണ്‍ സംഘാടക സമിതി ഇക്കാര്യത്തില്‍ അടിയന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവച്ച പശ്ചാത്തലത്തില്‍ അതേ തീരുമാനം തന്നെ യു.എസ് ഓപ്പണിലും വരാനാണ് സാധ്യത. ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവച്ച പശ്ചാത്തലത്തിലും ജൂണ്‍ജൂലായ് മാസങ്ങളില്‍ നടക്കേണ്ട വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് മാറ്റുന്നതിനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് സംഘാടക സമിതി. ജൂണ്‍ 29 മുതല്‍ ജൂലായ് 12 വരെ ടൂര്‍ണമെന്റ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കളിക്കാരുടെയും കാണികളുടെയും സുരക്ഷ മുന്‍നിറുത്തി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ആള്‍ ഇംഗ്‌ളണ്ട് ലാണ്‍ ടെന്നിസ് ക്‌ളബ് അറിയിച്ചിട്ടുണ്ട്. അതേസമയം ബ്രിട്ടനില്‍ കഴിഞ്ഞയാഴ്ച ആള്‍ ഇംഗ്‌ളണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് നടന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍