ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി.പി രാമകൃഷ്ണന്‍

കൊച്ചി: നഷ്ടപ്പെട്ടുപോയ മുഖച്ഛായ വീണ്ടെടുക്കാനായി ഭീഷണികള്‍ക്ക് വഴങ്ങാതെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥരെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 40ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊട്ടുമുന്നത്തെ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മയക്കുമരുന്ന് കേസുകളില്‍ 807 ശതമാനവും അബ്കാരി കേസുകളില്‍ 27 ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.വകുപ്പില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൊണ്ടുവരും. ഓഫീസര്‍മാര്‍ക്ക് ആയുധപരിശീലനം നല്‍കും. ഡ്യൂട്ടി നിര്‍വഹിക്കുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. ചെക്ക്‌പോസ്റ്റുകളിലെ പരിശോധന കാര്യക്ഷമമാക്കണമെന്നും പരിശോധനാ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എസ്.ഇ.ഒ.എ സംസ്ഥാന പ്രസിഡന്റ് വി.പി സുലേഷ് കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മുഖ്യസാന്നിദ്ധ്യമായി. കെ.എസ്.ഇ.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അശോക് കുമാര്‍, എം.എല്‍.എമാരായ എം.സ്വരാജ്, ടി.ജെ വിനോദ്, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍, എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ കെ.മുഹമ്മദ് ഷാഫി, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.വി മുരളി കുമാര്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ ഡി.സന്തോഷ്, കെ.എ ജോസഫ്, വി.ജെ മാത്യു, കെ.എ നെല്‍സണ്‍, മുഹമ്മദ് റഷീദ്, കെ.സുരേഷ് ബാബു, എ.അബ്ദുള്‍ കലാം, കെ.എസ്.ഇ.എസ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രാമകൃഷ്ണന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.എസ് രഞ്ജിത്ത്, സംസ്ഥാന ട്രഷറര്‍ എന്‍.ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍