കൈയില്‍ ക്വാറന്റെറെന്‍ മുദ്രയുമായി ട്രെയിനില്‍; സഹയാത്രക്കാര്‍ ഇടപെട്ട് പുറത്താക്കി

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കൊറോണ നിരീക്ഷണത്തില്‍നിന്ന് ചാടിപ്പോയ നാല് യാത്രക്കാരെ ട്രെയിനില്‍നിന്നും പുറത്താക്കി. മുംബൈഡല്‍ഹി ഗരീബ് രഥ് ട്രെയിനില്‍നിന്നാണ് ഇവരെ പുറത്താക്കിയത്. മുംബൈയില്‍നിന്നും ട്രെയിന്‍ പുറപ്പെട്ട് ഒരു മണിക്കൂറിനു ശേഷമായിരുന്നു സംഭവം. നാല് യാത്രക്കാരുടെ കൈയുടെ പിന്നിലായി ക്വാറന്റൈന്‍ ചെയ്തതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് സഹയാത്രികര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവരെക്കുറിച്ച് ടിക്കറ്റ് എക്‌സാമിനറോട് യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതോടെ ട്രെയിന്‍ പല്‍ഘാറില്‍നിര്‍ത്തി ജി നാല്, അഞ്ച് കമ്പാര്‍ട്ടുമെന്റുകളില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാരെയും പുറത്തിറക്കി. ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരുടെ ചോദ്യം ചെയ്യലില്‍ ഇവര്‍ ജര്‍മനിയില്‍നിന്ന് വന്നതാണെന്നും സൂററ്റിലെ വീട്ടിലേക്കുപോകുകയാണെന്നും വെളിപ്പെടുത്തി. മുംബൈ വിമാനത്താവളത്തില്‍വച്ച് പരിശോധനകള്‍ക്കു ശേഷം 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദേശിച്ച് നാലുപേരുടെ കൈയിലും മുദ്ര പതിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ ഇവിടെനിന്നും മുങ്ങുകയായിരുന്നു. മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാതെ അവര്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ എത്താനും ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിനില്‍ യാത്ര ചെയ്യാനും എങ്ങനെ സാധിച്ചു എന്നതു സ ംബന്ധിച്ച് വ്യക്തതയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍