കുടുംബശ്രീവഴി വിശപ്പുരഹിത കേരളം പദ്ധതി ആരംഭിക്കും

കൂത്താട്ടുകുളം: കുടുംബശ്രീവഴി വിശപ്പുരഹിത കേരളം പദ്ധതി ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി തിരുമാറാടി പഞ്ചായത്തിന്റെ ബജറ്റ്. 25 രൂപ നിരക്കില്‍ ഊണ് നല്‍കുന്ന കുടുംബശ്രീ ഭക്ഷണശാല പഞ്ചായത്തില്‍ ആരംഭിക്കുവാന്‍ തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ബജറ്റ് വാഗ്ദാനം ചെയ്തു. ലൈബ്രറികളുടെയും സാംസ്‌കാരിക നിലയങ്ങളുടെയും സഹകരണത്തോടെ പഞ്ചയത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ വയോജന ക്ലബുകള്‍ ആരംഭിക്കുവാനും ഹരിതകേരളം മിഷന്റെ സഹകരണത്തോടെ മണ്ണത്തൂര്‍ ദുര്‍ഗാക്ഷേത്ര പരിസരത്ത് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുവാനും പഞ്ചായത്ത് ഭരണ സമിതി ലക്ഷ്യമിടുന്നു. 13.45 കോടി വരവും 13.24 കോടി ചെലവും 20 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പുഷ്പലത രാജു അവതരിപ്പിച്ചത്. പ്രസിഡന്റ് ഒ.എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി 46 വീടുകള്‍ ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മിച്ച പഞ്ചായത്തില്‍ ഈ വര്‍ഷം 2.06 കോടി ചെലവില്‍ 37 പേര്‍ക്കാണ് വീട് നല്‍കുക. ഇതില്‍ ഭൂരഹിതരായ ആളുകള്‍ക്ക് ഭൂമി വാങ്ങി വീട് പണിയുവാനുള്ള പദ്ധതിയും ഉള്‍പ്പെടുന്നതാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് എംആര്‍എഫ് സെന്ററില്‍ സംസ്‌കരിക്കുവാന്‍ സര്‍ക്കാര്‍ കന്പിനിയായ ക്ലീന്‍ കേരളയുമായി കരാര്‍ ഉണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ പണം വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ നാവോളിമറ്റം ഗ്രാമീണ കളിക്കളം ഉടന്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍