ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണം: പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി : ഡല്‍ഹി കലാപം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സര്‍ക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ച സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ടി എന്‍ പ്രതാപനും, എന്‍ കെ പ്രേമചന്ദ്രനുമാണ് ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ച, സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എളമരം കരീം എം പിയും രാജ്യസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. എന്നാല്‍ കലാപം അഴിച്ചു വിട്ടവര്‍ സഭാ നടപടികളും തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതിപക്ഷത്തത്തിനെതിരായ വിമര്‍ശനം.തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കണ്ണ് കെട്ടി പ്രതിഷേധിച്ചു. കലാപം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കുമെന്നാണ് സൂചന. ജെഡിയു എം. പി ബൈദ്യനാഥ് പ്രസാദിന് ആദരമര്‍പ്പിച്ച് ലോക്‌സഭ രണ്ടുമണി വരെ പിരിഞ്ഞു. എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തി.രാജ്യസഭയില്‍ ഒഴിവ് വരുന്ന 55 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പും പ്രധാനപ്പെട്ട ചില ബില്ലുകളും ഈ സമ്മേളനത്തില്‍ വരും.ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പ്രതിരോധത്തിലാകുമെന്ന് ഉറപ്പായി. സമ്മേളന കാലം സുഗമമായി മുന്നോട്ട് പോകാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് അവസരം നല്‍കിയേക്കും.സ്ത്രീകളുടെ പ്രത്യുത്പാദന അവകാശവുമായി ബന്ധപെട്ട് മൂന്ന് ബില്ലുകള്‍ സഭയുടെ പരിഗണനക്ക് വരും. ഗര്‍ഭഛിദ്രം, വാടക ഗര്‍ഭപാത്ര നിയന്ത്രണം തുടങ്ങിയവയാണ് ബില്ലുകള്‍. റെയില്‍വേ, ഗ്രാമീണ വികസനം, കൃഷി എന്നീ വകുപ്പുകള്‍ക്കുള്ള തുക നീക്കിയിരിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഏപ്രില്‍ മുതല്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 26ന് തെരഞ്ഞെടുപ്പു നടക്കും. കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിക്ക് സീറ്റ് നല്‍കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍