റാന്നി സ്വദേശികളെ ഒറ്റപ്പെടുത്തുന്ന പ്രവണതയില്‍ പരക്കെ പ്രതിഷേധം

റാന്നി: കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റാന്നി സ്വദേശികളെ ഒറ്റപ്പെടുത്തിയുള്ള സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ പരക്കെ അതൃപ്തി, പത്തനംതിട്ട ജില്ലയ്ക്കു പുറത്തുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അടക്കം അവധി അനുവദിച്ചാണ് അറിയിപ്പുകള്‍. തലസ്ഥാന നഗരിയിലെ ഹോസ്റ്റലുകളില്‍ നിന്ന് വീടുകളിലേക്ക് പോന്നിട്ടുള്ള റാന്നി സ്വദേശികള്‍ ഈയാഴ്ച എത്തേണ്ടതില്ലെന്ന അറിയിപ്പ് വന്നു കഴിഞ്ഞു. ചിലയിടങ്ങളില്‍ ഇത്തരം വിളക്ക് പത്തനംതിട്ട ജില്ലക്കാര്‍ക്ക് മൊത്തമായുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും റാന്നി സ്വദേശികളെ ഒറ്റപ്പെടുത്തിയുള്ള നിര്‍ദേശങ്ങളുണ്ടായിട്ടുണ്ട്. രോഗം സ്ഥിരീകരിക്കാത്തവരെയും നേരിട്ട് ബന്ധമില്ലാത്തവരെയും ഒറ്റപ്പെടുത്തിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളും റാന്നിയുടെ ഒറ്റപ്പെടലിനു കാരണമാകുന്നതായി പറയുന്നു.കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ റാന്നി ഐത്തല സ്വദേശികളായതും ഇവര്‍ റാന്നിയില്‍ പലതവണ എത്തിയതും കടകളില്‍ വന്നതും ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതുമൊക്കെയാണ് റാന്നിക്കാരുടെ ഒറ്റപ്പെടലിനു കാരണം. രോഗബാധിതരുമായി ഇടപഴകിയെന്നു സംശയിക്കുന്നവരില്‍ ഒട്ടേറെപ്പേരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നതും റാന്നിയിലാണ്. ഇതോടെ റാന്നി ഭീതിയുടെ നിഴലിലാകുകയായിരുന്നു.ഇന്നലെ റാന്നിയില്‍ ആളൊഴിഞ്ഞ സാഹചര്യമുണ്ടായിരുന്നു. രാവിലെ മുതല്‍ സാമൂഹികമാധ്യമങ്ങള്‍ റാന്നിയിലെ സ്തംഭനാവസ്ഥ വിവരിച്ച് പ്രചാരണം നടത്തിയിരുന്നു. തിരക്ക് ഒഴിഞ്ഞതോടെ കട കന്‌പോളങ്ങള്‍ ഭാഗികമായി അടഞ്ഞു കിടന്നു. വാഹനഗതാഗതവും ഭാഗികമായിരുന്നു. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ തിരക്കുണ്ടായില്ല. ഓട്ടോറിക്ഷ തൊഴിലാളികളെയാണ് സ്തംഭനാവസ്ഥ ഏറെ ബാധിച്ചത്. ഓട്ടോറിക്ഷകള്‍ക്ക് ഓട്ടം ഉണ്ടായിരുന്നതേയില്ല. കൊറോണ ബാധിത മേഖലയില്‍ നിന്നുള്ള ഓട്ടോറിക്ഷക്കാരെ സ്റ്റാന്‍ഡില്‍ കിടക്കാന്‍ അനുവദിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു. ഇതേ മേഖലയില്‍പെട്ട ദിവസക്കൂലിക്കാരും ജോലിയില്ലാതായി.റാന്നി ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍