ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

ആലപ്പുഴ: ലൈഫ് മിഷന്‍ പദ്ധതിയുടെ ജില്ലയിലെ മൂന്നാം ഘട്ടത്തിനു തുടക്കംകുറിച്ച് നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനവും സമ്മേളന ഉദ്ഘാടനവും നാളെ പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആലപ്പുഴ നഗരസഭ ലൈഫ് മിഷന് പറവൂരില്‍ നല്‍കിയ 2.15 ഏക്കര്‍ സ്ഥലത്ത് ഭൂരഹിതരായ 156 കുടുംബങ്ങള്‍ക്കാണ് മൂന്നാംഘട്ട പുനരധിവാസത്തിന്റെ ഭാഗമായി വീടൊരുക്കുന്നത്. ഏഴുനിലകളുള്ള രണ്ടു ബ്ലോക്കുകളിലായി ഒരുങ്ങുന്ന ഫ്‌ളാറ്റില്‍ ഓരോവീടിനും 500 ചതുരശ്ര അടി വിസ്തൃതിയുണ്ടാകും. രണ്ടു കിടപ്പുമുറികളും അടുക്കളയും ഹാളും ഉള്‍പെടുന്ന വീടുകള്‍ക്ക് എല്ലാവിധ അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കും. ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ ഒരുങ്ങുന്ന ആദ്യത്തെ ഭവനസമുച്ചയ ഫ്‌ളാറ്റ് പദ്ധതിയാണിത്. രാവിലെ 11.30 നു നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനകാര്യ കയര്‍മന്ത്രി ഡോ.ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഭൂമി കൈമാറ്റ സമ്മതപത്രം മുഖ്യമന്ത്രിക്ക് നഗരസഭ അധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ കൈമാറും. എംഎല്‍എമാരായ സജി ചെറിയാന്‍, ആര്‍. രാജേഷ്, ഷാനിമോള്‍ ഉസ്മാന്‍, യു. പ്രതിഭ, കളക്ടര്‍ എം. അഞ്ജന, ലൈഫ് മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.പി. ഉദയസിംഹന്‍ എന്നിവരും വിവിധ തദ്ദേശ സ്ഥാപന ഭാരവാഹികളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍