കൊറോണ ബാധിച്ച രോഗികളെ പരിചരിക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കാനൊരുങ്ങി ചൈന

 കൊറോണ വ്യാപനത്തില്‍ ലോകമെങ്ങും ആശങ്ക പടരുമ്പോള്‍ അതിനെ മറികടക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ ആവിഷ്‌കരിക്കുകയാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈന. വെല്ലുവിളി നിറഞ്ഞ കോവിഡ് 19 രോഗി പരിചരണത്തിന് റോബോട്ടുകളെ രംഗത്തിറക്കാനാണ് ശ്രമം. വുഹാനിലെ ആശുപത്രിയില്‍ നടക്കുന്ന പരീക്ഷണം വിജയമായാല്‍ മനുഷ്യകരസ്പര്‍ശം ഇല്ലാതെ രോഗിപരിചരണം സാധ്യമാകും.'കോവിഡ് 19' മാരകമായ ഈ രോഗാവസ്ഥ നമുക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കില്‍ ഈ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ മാനസികനില എന്തായിരിക്കും. ശ്വാസതടസമുള്ള രോഗികള്‍ക്ക് ശ്വാസനാളികളില്‍ ട്യൂബുകളടക്കമുള്ളവ സ്ഥാപിക്കേണ്ടിവരുമ്പോളും മറ്റും എത്ര ധീരമായ പ്രവര്‍ത്തനമായിരിക്കും ഒരോ ഡോക്ടര്‍മാരും നിര്‍വഹിക്കുക. ഇത്തരത്തിലൊരു ചിന്ത അലട്ടിയപ്പോഴാണ് ബെയ്ജിങിലെ സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫസര്‍ സെങ് ഗാങ്ടിയും സംഘവും റോബോട്ടിക്ക് സാങ്കേതികവിദ്യയിലെ തങ്ങളുടെ പ്രാഗത്ഭ്യം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്. ഏതാനും വിദ്യാര്‍ഥികളും സംഘത്തോടൊപ്പം ചേര്‍ന്നു. തന്റെ സുഹൃത്തും സിങ്വ ചഗുങ് ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌റുമായ ഡോക്ടര്‍ ഡോങ് ജിയോങിന്റെ വിദഗ്‌ധോപദേശും തേടി.ആഴ്ചകളോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രക്കൈ സംഘം പൂര്‍ത്തിയാക്കി. ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോബോട്ടിക് വിദ്യ പരിഷ്‌കരിച്ചാണ് ഈ റോബോട്ടിന്റെ പിറവി. രോഗിയെ കാമറയിലൂടെ തിരിച്ചറിയുന്ന റോബോട്ടിന് മനുഷ്യസഹായം ആവശ്യമില്ല. ശരീരോഷ്മാവ് പരിശോധിക്കുക, മരുന്ന് നല്‍കുക, ശ്വാസനാളി വൃത്തിയാക്കുക തുടങ്ങിയവ ചെയ്യുന്നതിനൊപ്പം സ്വയം അണുവിമുക്തമാകാനും റോബോട്ടിന് സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍