മദ്ധ്യപ്രദേശിലും 'റിസോര്‍ട്ട് രാഷ്ട്രീയം', കമല്‍നാഥ് സര്‍ക്കാരിന് ഭീഷണിയായി എട്ട് എം.എല്‍.എമാര്‍

 ന്യൂഡല്‍ഹി: കമല്‍നാഥ് സര്‍ക്കാരിന് ഭീഷണിയായി എട്ട് ഭരണകക്ഷി എം.എല്‍.എമാര്‍ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍. നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും, നാല് സ്വതന്ത്രരുമാണ് ഹോട്ടലിലെത്തിയത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുന്‍മന്ത്രിയും എം.എല്‍.എയുമായ നരോത്തം മിശ്രയുടെയും നേതൃത്വത്തില്‍ എം.എല്‍.എമാരെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.പഞ്ചനക്ഷത്ര ഹോട്ടലിലുള്ള എം.എല്‍.എമാരില്‍ ഒരാളായ ബിസാഹുലാല്‍ സിംഗാണ് തന്നെ വിളിച്ച് വിവരമറിയിച്ചതെന്ന് മദ്ധ്യപ്രദേശ് മന്ത്രി തരുണ്‍ തനോട്ട് പറയുന്നു. 'ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും, പുറത്തേക്ക് പോകാന്‍ അനുമതിയില്ലെന്നുമായിരുന്നു ബിസാഹുലാല്‍ എന്നോട് പറഞ്ഞത്. ഫോണ്‍കോള്‍ കിട്ടിയതിന് പിന്നാലെ രണ്ട് മന്ത്രിമാര്‍ ഹോട്ടലില്‍ എത്തിയെങ്കിലും അകത്തേക്ക് കയറാന്‍ അനുമതി നല്‍കിയില്ല' തരുണ്‍ തനോട്ട് പറഞ്ഞു.എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നേരത്തെ ആരോപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നരോത്തം മിശ്രയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 25 മുതല്‍ 35 ലക്ഷം രൂപവരെ വാഗ്ദാനം ചെയ്‌തെന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ ആരോപണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍