റിയാലിറ്റി ഷോ താരത്തിന് സ്വീകരണം : ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും: കടകംപള്ളി

കൊച്ചി: കൊറോണയെ വരുതിയിലാക്കാന്‍ ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് കഴിഞ്ഞദിവസം ബിഗ്‌ബോസ് താരം രജിത് കുമാറിന് വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയത്. സംഭവത്തില്‍ രജിത് കുമാറിനും 79 പേര്‍ക്കെതിരെയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇന്ന് ആറ്റിങ്ങലില്‍ രജിത് കുമാറിന് ആരാധകര്‍ സ്വീകരണം നല്‍കുന്നുണ്ടെന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇനി ഇത്തരത്തിലുള്ള സ്വീകരണ പരിപാടികള്‍ സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്. ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍