കൊറോണ: ജനപ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്


  • തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനം: മുഖ്യമന്ത്രി
  • അസാധാരണ സാഹചര്യം; ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും


തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതില്‍ ചെറിയ പിഴവ് സ്ഥിതി വഷളാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നതിന് ജനപ്രതിനിധികളുമായി വിക്‌ടേഴ്‌സ് ചാനല്‍ വഴി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. അവരെ തടങ്കലില്‍ താമസിപ്പിക്കുന്നു എന്ന തോന്നലുണ്ടാക്കരുത്. അതിനാലാണ് ക്വാറന്റ്റെന്‍ എന്ന വാക്കിന് പകരം കെയര്‍ ഹോം എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഭീതി നേരിടാന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കഴിയും. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.സമൂഹവ്യാപനം തടയാന്‍ കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസുകള്‍ പൊതുസ്ഥലങ്ങള്‍, ബസ്‌സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങള്‍ നല്ല രീതിയില്‍ ശുചീകരണം ഉറപ്പുവരുത്തണം. ആറ്റുകാല്‍ പൊങ്കാലയില്‍ എല്ലാം പ്രവര്‍ത്തിച്ചപോലെ മറ്റിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ വേണം. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കപ്പെട്ടു. ഇത്തരത്തിലുള്ള ജാഗ്രത തുടരണം. മരുന്നുകള്‍, പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഇവയിലൊക്കെ തദ്ദേശസ്ഥാപനങ്ങളുടെയും ശ്രദ്ധവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍