നടിയെ ആക്രമിച്ച കേസ്: വിചാരണ പുരോഗമിക്കുന്നു; ദിലീപിന് നിര്‍ണായകം

കൊച്ചി : നടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ചലച്ചിത്ര താരങ്ങളടക്കമുള്ള മുഖ്യ സാക്ഷികളുടെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ പൂര്‍ത്തിയാകുന്നു. വിധി മേയില്‍ വരുമെന്നാണ് സൂചന.ഇരയായ യുവ നടിക്കു പുറമേ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇടവേള ബാബു, ബിന്ദു പണിക്കര്‍, രമ്യാ നമ്പീശന്‍, റിമി ടോമി, നടനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, നടി ഗീതു മോഹന്‍ദാസ് തുടങ്ങിയവരുടെ സാക്ഷി വിസ്താരമാണ് പൂര്‍ത്തിയായത്. നടന്‍ സിദ്ദിഖ്, നടി ഭാമ, പി.ടി. തോമസ് എം.എല്‍.എ, നടന്‍ കൂടിയായ മുകേഷ് എം.എല്‍.എ തുടങ്ങിയവരുടെ വിസ്താരം ഇനിയും നടക്കാനുണ്ട്.കുറ്റപത്രത്തിനൊപ്പം 359 പേരുള്‍പ്പെട്ട സാക്ഷിപ്പട്ടികയും 161 രേഖകളും 250 തൊണ്ടി മുതലുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇവരില്‍ ചലച്ചിത്ര താരങ്ങളടക്കം 136 പേരെ കോടതി വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ ഏഴു വരെയുള്ള ആദ്യഘട്ട വിചാരണയില്‍ ഇവരില്‍ സംയുക്ത വര്‍മ്മ, ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരെ ഒഴിവാക്കിയിരുന്നു. ഇരയായ നടിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെയും കോടതി വിസ്തരിച്ചു. പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ ഒപ്പമുണ്ടായിരുന്നവരെയും വിചാരണയുടെ ഭാഗമായി വിസ്തരിച്ചിരുന്നു.നടന്‍ ഇടവേള ബാബുവും നടി ബിന്ദു പണിക്കരും കേസില്‍ പൊലീസിനു നല്‍കിയ മൊഴി വിചാരണ വേളയില്‍ മാറ്റിയെന്ന് സൂചനയുണ്ട്. ദിലീപിന്റെ ഇടപെടലിനെത്തുടര്‍ന്ന് തനിക്ക് സിനിമയില്‍ അവസരം കുറയുന്നുവെന്ന് ഇരയായ നടി അമ്മയുടെ പ്രതിനിധിയായ തന്നോടു പരാതി പറഞ്ഞിരുന്നെന്ന് ഇടവേള ബാബു നേരത്തെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ ഇടവേള ബാബു ഇതു നിഷേധിച്ചതായാണ് വിവരം. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനോടനുബന്ധിച്ച് എറണാകുളത്തെ ഒരു ഹോട്ടലില്‍ വച്ച് ഇരയായ നടിയും ദിലീപും തമ്മില്‍ വഴക്കുണ്ടായതിന് ചലച്ചിത്ര താരങ്ങളില്‍ പലരും സാക്ഷികളാണ്. വിദേശത്ത് നടത്തിയ സ്റ്റേജ് ഷോയ്ക്കിടയിലുണ്ടായ സംഭവങ്ങളും ഈ കേസില്‍ നിര്‍ണ്ണായകമാണ്. ഇതിലാണ് താരങ്ങളില്‍ മിക്കവരും സാക്ഷികളായത്. മഞ്ജു വാര്യരുടെ സാക്ഷി വിസ്താരവും നിര്‍ണ്ണായകമായിരുന്നു.ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അമ്മയുള്‍പ്പെടെയുള്ളവരെയും കോടതി വിസ്തരിച്ചിരുന്നു.പള്‍സര്‍ സുനി താന്‍ പകര്‍ത്തിയ ദൃശ്യങ്ങളടക്കമുള്ള ഫോണ്‍ അങ്കമാലിയിലെ അഭിഭാഷകനായ ഇ. എസ്. പൗലോസിനെയാണ് ഏല്‍പിച്ചത്. പിന്നീട് ഈ അഭിഭാഷകന്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ക്കു പുറമേ പള്‍സര്‍ സുനി കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുമ്പോള്‍ ഇവിടെ ഒപ്പമുണ്ടായിരുന്ന നാലു പേര്‍, കേസിലെ ഒരു പ്രതി മണികണ്ഠന് മൊബൈല്‍ വിറ്റ കടക്കാരന്‍, സ്വര്‍ണ്ണമാല പണയത്തിനെടുത്ത ധനകാര്യ സ്ഥാപനത്തിന്റെ ഉടമ തുടങ്ങിയവരെയൊക്കെ സാക്ഷികളായി കോടതി വിസ്തരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍