ഫോണിലെ ആ ചുമ ശ്രീപ്രിയയുടേത്

 കൊച്ചി: ഏതാനും നാളുകളായി മൊബൈല്‍ ഫോണുകളിലേക്കു വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ചുമ ആരുടേതാണ് ചുമയുടെ തുടര്‍ച്ചയായി കോവിഡ് 19 നെതിരേയുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നതാര് അതു താന്‍തന്നെയെന്നു വിനീതമായി പറയുന്നു ബിഎസ്എന്‍എല്‍ ജീവനക്കാരി ശ്രീപ്രിയ. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണു കോവിഡ് 19നെതിരേയുള്ള ബോധവത്കരണ സന്ദേശത്തിനായി ശ്രീപ്രിയ തന്റെ ശബ്ദം നല്‍കിയത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, ഒരു മീറ്റര്‍ അകലം പാലിക്കുക എന്നു തുടങ്ങുന്ന സന്ദേശത്തിനു 38 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. പ്രീ കോള്‍ ആയും കോളര്‍ ട്യൂണായും കേള്‍ക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം കൊറോണ വൈറസിനെതിരേ പുലര്‍ത്തേണ്ട ജാഗ്രതാ നിര്‍ദേശങ്ങളാണ്. ആരോഗ്യവകുപ്പു തയാറാക്കി നല്‍കിയ വാക്കുകള്‍ താന്‍ റിക്കാര്‍ഡ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നെന്നു ശ്രീപ്രിയ പറയുന്നു.എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്‌റ്റോര്‍ ഡിപ്പോ ജൂണിയര്‍ അക്കൗണ്ട്‌സ് ഓഫീസറായ ശ്രീപ്രിയ ബിഎസ്എന്‍എല്ലിന്റെയും സര്‍ക്കാരിന്റെയും വിവിധ ഔദ്യോഗിക പരിപാടികളില്‍ അവതാരകയായി എത്തിയിട്ടുണ്ട്. ബിഎസ്എന്‍എലിന്റെ വിവിധ മലയാളം അനൗണ്‍സ്‌മെന്റുകളിലും ശ്രീപ്രിയയുടെ ശബ്ദമുണ്ട്. ബിഎസ്എന്‍എലിനു പുറമേ വിവിധ സ്വകാര്യ കമ്പനികളും ശ്രീപ്രിയയുടെ കോവിഡ് 19 ബോധവത്കരണ സന്ദേശം പ്രീ കോള്‍ ട്യൂണായി ഉള്‍പ്പെടുത്തിയിരുന്നു. ഇരിങ്ങാലക്കുട സ്വദേശിനിയായ ശ്രീപ്രിയ കൊച്ചിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ എസ്. സുരേഷിന്റെ ഭാര്യയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍