നമ്പര്‍ തിരുത്തിയ ടിക്കറ്റ് നല്‍കി പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു

തൊടുപുഴ: വയോധികനായ ലോട്ടറി വില്‍പനക്കാരനെ നമ്പര്‍ തിരുത്തിയ ടിക്കറ്റ് നല്‍കി കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തതായി പരാതി. മണക്കാട് കിഴക്കേത്തറയില്‍ സദാശിവന്‍ (81) ആണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ 10ന് കോലാനി ബൈപാസില്‍വച്ചാണ് സദാശിവന്‍ തട്ടിപ്പിനിരയായത്. കഴിഞ്ഞ ഒന്‍പതിന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറി ടിക്കറ്റിലെ നമ്പരില്‍ കൃത്രിമം കാട്ടിയാണ് തട്ടിപ്പു നടത്തിയത്.ബൈപാസില്‍ പമ്പിനു സമീപം സദാശിവന്‍ ലോട്ടറി വില്‍പ്പന നടത്തുന്നതിനിടയില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് സമ്മാനാര്‍ഹമായ അഞ്ചു ടിക്കറ്റുകള്‍ മാറി നല്‍കണമെന്ന് പറഞ്ഞ് സമീപിച്ചത്. സദാശിവന്‍ ലോട്ടറി നോക്കിയപ്പോള്‍ അവസാന നാലക്ക നമ്പരില്‍ 500 രൂപ വീതം അടിച്ചിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് 480 രൂപ വീതം വിലയുള്ള 12 ടിക്കറ്റുകളുടെ നാലു സെറ്റുകളും ബാക്കി 580 രൂപയും നല്‍കി. പിന്നീട് സദാശിവന്‍ ലോട്ടറി വാങ്ങിയ ഏജന്‍സിയില്‍ എത്തി സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ നല്‍കി. സംശയം തോന്നി ഏജന്‍സിയുടമ ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്തു നോക്കിയപ്പോഴാണ് നന്പരില്‍ കൃത്രിമം കാട്ടിയതായി വ്യക്തമായത്. വിന്‍ വിന്‍ ലോട്ടറിയുടെ ഡബ്ല്യുഇസഡ് 493862 നമ്പര്‍ ടിക്കറ്റിലാണ് കൃത്രിമം കാട്ടിയത്. അവസാന നാലക്ക നന്പരായ 3862 ല്‍ ആദ്യത്തെ മൂന്ന് ചുരണ്ടി മാറ്റി ആറ് ചേര്‍ക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു നമ്പര്‍ തിരുത്തിയത്. സദാശിവന്‍ പോലീസില്‍ പരാതി നല്‍കി. രോഗബാധിതനായ സദാശിവന്‍ രാവിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍പ്പനയ്ക്കായി കടമെടുത്ത ടിക്കറ്റാണ് ഇവര്‍ തട്ടിയെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍