ലാലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാംസ്ഥാനത്ത്

 മാഡ്രിഡ് : കഴിഞ്ഞ കുറച്ചുനാളായി എല്‍ ക്‌ളാസിക്കോയില്‍ ജയിക്കാന്‍ കഴിയാതിരുന്നതിന്റെ കേടുതീര്‍ത്ത് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ മാഡ്രിഡിന്റെ തേരോട്ടം. കഴിഞ്ഞരാത്രി നടന്ന സ്പാനിഷ് ലാലിഗ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ചിരവൈരികളായ ബാഴ്‌സയെ കീഴടക്കിയത്.ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിട്ടില്‍ ബ്രസീലിയന്‍ കൗമാര താരം വിനീഷ്യസ് ജൂനിയറും അവസാനമിനിട്ടില്‍ മരിയാനോ ഡയസും നേടിയ ഗോളുകള്‍ക്കാണ് റയല്‍ വിജയം കണ്ടത്. ഈ വിജയത്തോടെ ബാഴ്‌സയെ മറികടന്ന് റയല്‍ ലാലിഗയിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, അന്റോയിന്‍ ഗ്രീസ്മാന്‍, അര്‍ടുറോ വിദാല്‍ തുടങ്ങിയവരെ കൂട്ടിയിറങ്ങിയ ബാഴ്‌സലോണ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും റയലിന്റെ കടുത്ത പ്രതിരോധപൂട്ട് പൊളിച്ച് ഗോളടിക്കാനായില്ല. മൂന്നുതവണ ഷോട്ടുതീര്‍ക്കാന്‍ ശ്രമിച്ച മെസിയെ റയല്‍ ഗോളി കുര്‍ട്ടോയ്‌സ് നിരാശനാക്കി. തുടക്കത്തില്‍ തന്നെ ഗോള്‍ നേടുകയെന്ന തന്ത്രം പിഴച്ചതോടെ രണ്ടാംപകുതിയില്‍ പതറിയ ബാഴ്‌സയെ മാനസികമായി കീഴടക്കാന്‍ റയലിന് കഴിഞ്ഞു.71ാം മിനിട്ടില്‍ ടോണി ക്രൂസില്‍ നിന്ന് ലഭിച്ച പാസുമായി ഓടി ബോക്‌സിലേക്ക് കയറിയ വിനീഷ്യസ് തൊടുത്ത ഷോട്ട് പിക്വെയുടെ പ്രതിരോധവും തകര്‍ത്ത് വലയിലേക്ക് പതിക്കുകയായിരുന്നു.സ്‌കോര്‍ 10.ഇന്‍ജുറി ടൈമില്‍ ബെന്‍സേമയ്ക്ക് പകരക്കാരനായിറങ്ങിയ മരിയാനോ ഡയസ് നിമിഷങ്ങള്‍ക്കകമാണ് സ്‌കോര്‍ ചെയ്തത്. വന്ന വരവിലെ ആദ്യടച്ചില്‍ തന്നെ ഉമിറ്റിറ്റിയെ കബളിപ്പിച്ച മരിയാനോ ബോക്‌സിലേക്ക് കടന്നുകയറി ഗോളടിക്കുകയായിരുന്നു.സ്‌കോര്‍ 20.എല്‍ക്‌ളാസിക്കോകളില്‍ വിജയിക്കാന്‍ കഴിയാതിരുന്ന ശേഷമാണ് റയല്‍ മാഡ്രിഡ് ഇന്നലെ വിജയം കണ്ടത്.വര്‍ഷവും 233 ദിവസവും പ്രായമുള്ള ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ പുതിയ നൂറ്റാണ്ടില്‍ എല്‍ ക്‌ളാസിക്കോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന മെസിയുടെ റെക്കാഡ് മറികടന്നു. 2007 ല്‍ 19 വര്‍ഷവും 259 ദിവസം പ്രായമുള്ളപ്പോഴാണ് മെസി എല്‍ക്‌ളാസിക്കോയിലെ ആദ്യഗോള്‍ നേടിയത്.ഈ വിജയത്തോടെ റയല്‍ മാഡ്രിഡിന് 26 മത്സരങ്ങളില്‍നിന്ന് 56 പോയിന്റായി. 55 പോയിന്റുള്ള ബാഴ്‌സലോണയെ മറികടന്ന് ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍