സമൂഹ മാദ്ധ്യമങ്ങളിലെ വിദ്വേഷ ഉള്ളടക്കം, നീക്കാന്‍ ഒരാളെയെങ്കിലും നിയമിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

 ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാര്‍ത്തകളും നിയന്ത്രിക്കാനായി അടിയന്തിര നടപടിയെടുക്കാന്‍ ഗൂഗിളിനും സമൂഹ മാദ്ധ്യമ ഭീമന്‍മാരായ ഫേസ്ബുക്കിനും ട്വിറ്ററിനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. വിദ്വേഷ ഉള്ളടക്കം നീക്കം ചെയ്യാന്‍ പ്രത്യേക ഉദ്യോഗസ്ഥന്‍മാരെ നിയമിക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. തീരുമാനമെടുക്കാന്‍ ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. വിദ്വേഷ ഉള്ളടക്കത്തിന്റെ പ്രചരണം തടയാന്‍ ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ പാനലിനെ ഡല്‍ഹി ഹൈകോടതി നിയമിച്ചു. സമൂഹ മാദ്ധ്യമ കമ്ബനികള്‍ വ്യാജ വാര്‍ത്തകളും വിദ്വേഷ പോസ്റ്റുകളും നിയന്ത്രിക്കാന്‍ ഒരാളെയെങ്കിലും ചുമതലപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. ഏപ്രില്‍ 24ന് ഹര്‍ജി വീണ്ടും പരിഗണിക്കും. മുന്‍ ആര്‍.എസ്.എസ് നേതാവായ കെ.എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈകോടതിയുടെ നടപടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്ത് ചിലര്‍ വിഭാഗീയതയുണ്ടാക്കുന്നുവെന്നും അത് കലാപത്തിലേക്ക് നീങ്ങുന്നു എന്നുമാണ് ഗോവിന്ദാചാര്യ കോടതിയില്‍ പറഞ്ഞത്. ഇന്ത്യയുടെ നിയമം അനുസരിച്ചല്ല സമൂഹ മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് നിയന്ത്രണ വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍