ഏഴു മാസത്തെ തടവിനുശേഷം ഫറൂഖ് അബ്ദുള്ളയെ മോദി സര്‍ക്കാര്‍ മോചിപ്പിക്കുന്നു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കു വീട്ടുതടങ്കലില്‍നിന്നു മോചനം. അദ്ദേഹത്തെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മു കാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണു ഫറൂഖ് അബ്ദുള്ളയെ കേന്ദ്രസര്‍ക്കാര്‍ തടവിലാക്കിയത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും അദ്ദേഹത്തിന്റെ പേരില്‍ ചുമത്തി. ഏഴു മാസത്തെ വീട്ടുതടങ്കലിനുശേഷമാണ് ഫറൂഖ് അബ്ദുള്ളയെ മോചിതനാക്കുന്നത്. അതേസമയം ഫറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരുടെ വീട്ടുതടങ്കല്‍ തുടരും. ഇരുവരും ഓഗസ്റ്റ് അഞ്ചു മുതല്‍ വീട്ടുതടങ്കലിലാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണു കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. കരുതലെന്ന നിലയിലാണ് ഫറൂഖ് അബ്ദുള്ളയടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതെന്നാണു സര്‍ക്കാര്‍ വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍