ഇന്ത്യയ്ക്ക് തോല്‍വി, ടെസ്റ്റ് പരമ്പര ന്യൂസിലാന്റ് തൂത്തുവാരി

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലാന്‍ഡ് തൂത്തുവാരി. നേരത്തെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ടെസ്റ്റിലും ഇന്ത്യ പരാജയത്തിന്റെ രുചി അറിയുന്നത്. രണ്ടാം ടെസ്റ്റില്‍ 132 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന് വിജയ ലക്ഷ്യം. ടെസ്റ്റ് മത്സരം തീരാന്‍ രണ്ട് ദിവസം ഇനിയും ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടക്കത്തില്‍ ബ്ലണ്ടലും ലാതമും നേടിയ അര്‍ദ്ധസെഞ്ച്വറികളാണ് ന്യൂസിലാന്‍ഡ് വിജയം അനായാസമാക്കിയത്. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലായിരുന്നു രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. 124 റണ്‍സിന് ഇന്ത്യ പുറത്തായി. 24 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.രണ്ടാമിന്നിംഗ്‌സില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് കിവീസ് ബാറ്റിംഗ് തുടങ്ങിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ന്യൂസിലാന്‍ഡുമായി ട്വന്റി 20, ഏകദിനം, ടെസ്റ്റ് എന്നീ പരമ്പരകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ട്വന്റി 20 ഒഴികെ മറ്റ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യ കിവീസിന് മുന്നില്‍ പരാജയം രുചിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍