നുഴഞ്ഞു കയറ്റക്കാരെ സഹായിച്ച പാകിസ്ഥാനെതിരെ മിസൈല്‍ പ്രയോഗിച്ച് ഇന്ത്യ

 ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ഇന്ത്യ. കശ്മീരിലെ കുപ്‌വാരയില്‍ വച്ച് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ആന്റി ടാങ്ക് മിസൈല്‍ ആണ് ഇന്ത്യ പ്രയോഗിച്ചിരിക്കുന്നത്. നുഴഞ്ഞു കയറ്റക്കാരെ പാകിസ്ഥാന്‍ സഹായിച്ചതിനും നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനുമാണ് ഇന്ത്യ പാകിസ്ഥാനെതിരെ മിസൈല്‍ പ്രയോഗം നടത്തിയത്. ഏകദേശം ഫെബ്രുവരി രണ്ടാം വാരത്തോടു കൂടിയാണ് ഇന്ത്യ ഈ ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കുപ്‌വാരയില്‍ ഭീകരര്‍ തുടര്‍ച്ചയിലായി നുഴഞ്ഞുകയറ്റം നടത്തുന്നുവെന്നും അതിന് പാകിസ്ഥാന്‍ വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കുന്നു എന്നും കണ്ടാണ് ഇന്ത്യ ആക്രമിക്കാന്‍ തീരുമാനിച്ചത്. പാകിസ്ഥാനില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.മുന്നറിയിപ്പ് ലഭിച്ചിട്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം തുടര്‍ന്നതിനാലാണ് ടാങ്ക് വേധ മിസൈലും ആര്‍ട്ടിലറി ഷെല്ലുകളും പാകിസ്ഥാനെതിരെ പ്രയോഗിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ശക്തമായ താക്കീത് നല്‍കിയ ശേഷവും വീണ്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. മാര്‍ച്ച് മൂന്നിന് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. 90 മിനിറ്റ് നീണ്ടുനിന്ന ഈ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍