കൊറോണാ ഭീതിയില്‍ പത്തനംതിട്ട;എണ്ണയിട്ട യന്ത്രംപോലെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും

പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തന്നെ ആരോഗ്യവകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി മുതല്‍ മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവരുമായി ബന്ധപ്പെട്ടു. രാജു ഏബ്രഹാം എംഎല്‍എയെയും രാത്രിയില്‍ തന്നെ മന്ത്രി വിളിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. രാവിലെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപടികളുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും രംഗത്തിറങ്ങി. മന്ത്രി തന്നെ വിവരം പുറംലോകത്തെ അറിയിക്കാനായിരുന്നു തീരുമാനം. ഇതോടൊപ്പം റാന്നി ഐത്തല ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷണവിധേയമാക്കുകയായിരുന്നു പ്രാഥമിക ദൗത്യം. ഇതിനായുള്ള ശ്രമങ്ങള്‍ ജനപ്രതിനിധികളും ആരോഗ്യവ കുപ്പും ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ഡോക്ടര്‍മാര്‍ വീതം അടങ്ങുന്ന എട്ട് ടീമുകളെയാണ് ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്. മൂവായിരത്തോളം ആളുകളെ നിരീക്ഷിക്കേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍