തിഹാറില്‍ വീണ്ടും തൂക്കുകയര്‍

 വര്‍ഷങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 87 മാസങ്ങള്‍ക്കു മുമ്പ് ഒരു നശിച്ച രാത്രിയില്‍ രാജ്യതലസ്ഥാനത്തെ അപ്രധാനമല്ലാത്ത ഒരു പാതയിലൂടെ ഓടുന്ന ബസ്സില്‍ വെച്ച് നിര്‍ഭയാ എന്ന യുവതിയെ കുറെ നരാധന്മാര്‍ മാറിമാറി ബലാല്‍സംഗം ചെയ്തു. എന്നിട്ട് ഏതാണ്ട് മൃതപ്രായയായ അവളെ പുറത്തേക്കെടുത്തെറിഞ്ഞ് ഉപേക്ഷിച്ചു. ആഴ്ചകളോളം സ്വദേശത്തും വിദേശത്തും ചികിത്സക്കും പരിചരണത്തിനും വിധേയയായെങ്കിലും പിന്നീട് ആ ഹതഭാഗ്യ കണ്ണുതുറക്കുകയോ എന്തെങ്കിലുമൊന്നു രിയാടുകയോ ചെയ്തില്ല. അവസാനമൊരു ദിവസം എന്നെന്നേക്കുമായി യാത്രയായി. അതെ, രാജ്യത്താകമാനം കോളിളക്കം സൃഷ്ടിച്ച ആ സംഭവകഥയിലെ വില്ലന്മാര്‍ ഇതാ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നത്തെ പ്രഭാതത്തില്‍ തീഹാര്‍ ജയിലില്‍ വെച്ച് നിയമപരമായി തൂക്കിലേറ്റപ്പെട്ടിരിക്കുന്നു. ഇന്നു മുതല്‍ യുവതിയുടെ അമ്മ ആശാദേവിക്കും, അച്ഛന്‍ ബദരീനാഥിനും സ്വന്തം ആഗ്രഹപ്രകാരം സമാധാനമായുറങ്ങാം. അതേ സമയം രാജ്യത്തിതുവരെ ഇങ്ങിനെയോ അല്ലെങ്കിലിതിലും ക്രൂരമായോ പീഡിപ്പിക്കപ്പെട്ട ഇരകള്‍ സര്‍വതെളിവുകളും സഹിതം ചൂണ്ടി കാണിച്ച പ്രതികള്‍ക്കൊക്കെ ഇത്തരമൊരു ശിക്ഷ കിട്ടുകയും എന്നിട്ടത് ഇത് പോലെ നടപ്പാക്കപ്പെടകുയും ചെയ്തിട്ടുണ്ടോ എന്ന് നമ്മുടെ നിയമവും നിയമം കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളും നേരെ നിന്ന് ഉത്തരം പറയേണ്ട ഒരു ചോദ്യമാണ്. അതിനിടെ കൊടും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുന്നതും അത് നടപ്പാക്കുന്നതും കാട്ടുനീതിയല്ലെ എന്ന് ചോദിക്കുന്ന ബുദ്ധിജീവികളും അല്ലാത്തവരും ഇടക്കിടെ അവരുടെ തലവെട്ടം കാണിക്കുന്നുണ്ട്. അവരോടൊന്നേ പറയാന്‍ പറ്റൂ, സ്വന്തമായി നിര്‍ഭയയുടെത് പോലെയുള്ള അനുഭവങ്ങള്‍ വരുമ്പോള്‍ മാത്രമെ തങ്ങള്‍ക്ക് പ്രശ്‌നത്തിന്റെ ആഴം മനസ്സിലാവുകയുള്ളൂ എന്ന്. കുറ്റവാളികള്‍ക്ക് വധശിക്ഷനല്‍കാമോ എന്നത് ലോക രാജ്യങ്ങളിലൊക്കെ ഈയിടെയായി ധാരാളം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കുറെ രാജ്യങ്ങളില്‍ വധശിക്ഷ എന്ന ഒരു നടപടിക്രമമേ ഇല്ല. എന്നാല്‍ ചില വികസിത രാജ്യങ്ങളിലടക്കംവധശിക്ഷ ഉണ്ട് താനും. ഒരു പക്ഷെ ചൈനയിലും സൗദി അറേബ്യയിലും ഇറാനിലുമൊക്കെയായിരിക്കാം ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നത്. ചൈനയില്‍ അഴിമതികേസ്സുകളിലും രാഷ്ട്രീയ കാരണങ്ങളാലുണ്ടാവുന്ന കേസ്സുകളിലുമാണ് വധശിക്ഷ കടുതല്‍. ഇന്ത്യയില്‍ കാലങ്ങളായി അപൂര്‍വമായെങ്കിലും വധശിക്ഷ നടപ്പാക്കപ്പെടുന്നുണ്ട്. എന്നാല്‍ പല സംസ്ഥാനങ്ങളിലും വധശിക്ഷക്ക് വിധിക്കപ്പെട്ട പലരും നിയമത്തിലെ നൂലാമാലകളുടെ കച്ചിത്തുരുമ്പില്‍ പിടിച്ച് അവസരം നീട്ടിക്കൊണ്ടു പോവുകയാണ്. ഓര്‍മയില്ലെ ഗോവിന്ദച്ചാമിയെ. നിര്‍ഭയാ കേസ്സിലും അങ്ങനെയൊരു പാട് കേസ്സ് കെട്ടുകെളുണ്ടായി. കുറ്റവാളികളുടെ ദയാഹരജി രാഷ്ട്രപതി തള്ളിയശേഷവും, ബന്ധപ്പെട്ട കോടതി മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചതിന് ശേഷം പോലും എത്രയെത്ര നിയമയുദ്ധങ്ങളാണ് ഈ കുറ്റവാളികള്‍ക്ക് വേണ്ടി നടത്തപ്പെട്ടത്. അത് ഇന്നലെ രാത്രി 2.30 വരെ നീണ്ടു. ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും രാത്രിയില്‍ ഉറങ്ങിയതേ ഇല്ല. ഏതായാലും ഇന്നത്തെ ഈ പുലര്‍കാല വിശേഷത്തോടെ ഏറ്റവും ചുരുങ്ങിയത് നിര്‍ഭയാ കേസ്സിലെങ്കിലും നീതി നടപ്പായെന്ന് അവളുടെ മാതാപിതാക്കളെപോല രാജ്യത്തെ മഹാഭൂരിപക്ഷവും കരുതുന്നു. ഇത് സംബന്ധിച്ച് വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജി അഭിപ്രായപ്പെട്ടത് അധര്‍മകാരികളില്‍ ഇത് ഭയം ഉയര്‍ത്തണമെന്നും എന്നാല്‍ തൂക്കിലേറ്റലിനെ ഇരയുടെ ഭാഗത്തുനിന്നുള്ള പ്രതികാരമായി കാണരുത് എന്നുമാണ്. ഒരു കാര്യമുറപ്പാണ് നാട്ടിലെ നിയമങ്ങളും തത്ത്വങ്ങളും എന്തൊക്കെയായിരുന്നാലും കണ്ണില്‍ ചോരയില്ലാത്ത ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന തെമ്മാടി കള്‍ക്ക് അവരര്‍ഹിക്കുന്ന കഠിന ശിക്ഷതന്നെ കിട്ടണം എന്നത് തന്നെയാണ് സാമാന്യ ജനമതം. എന്നാല്‍ അപൂര്‍വ്വം ചിലപ്പോഴെങ്കിലും ഈ വികാരം ജനകീയ വിചാരണയും ശിക്ഷയും പോലെയായി പരിണമിക്കാറുമുണ്ട്. അതിന്റെ ഒരു ദാഹരണമാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് തെലുങ്കാനയില്‍ നടന്നത്. വനിതാ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്തവരെ പോലീസ് തന്നെ വെടിവെച്ച് കൊന്നപ്പോള്‍ അവര്‍ക്ക് അവിടെ കൂടിയ പൊതുജനങ്ങളില്‍ നിന്നും കിട്ടിയത് പൂച്ചെണ്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍