കൊറോണ ബാധിച്ച വയോധികയ്ക്ക് ഹൃദയാഘാതവും ശ്വാസതടസവും; ഗുരുതരം

കോട്ടയം: കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ നില ഗുരുതരം. വാര്‍ധക്യ സഹജമായ വിവിധ രോഗങ്ങള്‍ അലട്ടുന്നതിനിടെയിലാണ് ഇറ്റലിയില്‍നിന്നു രോഗബാധിതരായി എത്തിയവരുമായുള്ള സമ്പര്‍ക്കത്തില്‍ ഇവര്‍ക്കും വൈറസ് ബാധ പിടിപെട്ടത്.വയോധികയുടെ കൊച്ചുമകന്‍ ഇറ്റലിയിലാണു ജോലി ചെയ്യുന്നത്. മകന്റെ അടുത്തേക്ക് ഒരു മാസത്തെ സന്ദര്‍ശനത്തിനു പിതാവും മാതാവും പോയിരുന്നു. ഇവര്‍ മടങ്ങിവന്നപ്പോഴാണു രോഗം പിടിപെട്ടത്. ഇവരില്‍നിന്നാണു വയോധികയ്ക്കു വൈറസ് പടര്‍ന്നത്. ഇവരെ നെടുമ്പാശേരിയില്‍നിന്നും കൂട്ടികൊണ്ടു വന്നത് ഇറ്റലിയില്‍ ജോലിയുള്ള യുവാവിന്റെ സഹോദരിയും ഭര്‍ത്താവും ഇവരുടെ നാലു വയസുള്ള മകളുമാണ്. ഇവര്‍ കുമരകം ചെങ്ങളത്താണ് താമസം.പത്തനംതിട്ടയിലെ ആശുപത്രിയില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണ വിഭാഗത്തില്‍ കഴിയവേ 85കാരിക്ക് ഹൃദയാഘാതവും ശ്വാസതടസവും നേരിട്ടു. തുടര്‍ന്ന് വയോധികയെ മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്കു മാറ്റി. വയോധികയുടെ ഭര്‍ത്താവായ 92കാരനും രോഗം പിടിപെട്ടിട്ടുണ്ട്.ചെങ്ങളം സ്വദേശികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവര്‍ക്കൊപ്പമുള്ള മകള്‍ നാലര വയസുള്ള കുട്ടി, ചീപ്പുങ്കല്‍ സ്വദേശിയായ 24കാരന്‍, തെള്ളകം സ്വദേശി 32കാരന്‍ എന്നിവരുള്‍പ്പെടെ മൂന്നു പേര്‍ക്ക് കോറോണ വൈറസ് ബാധയില്ലെന്നു റിപ്പോര്‍ട്ട് ലഭിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ഇവരുടെ രോഗലക്ഷണം നെഗറ്റീവായിരുന്നു.തുടര്‍പരിശോധനയ്ക്കു പൂന നാഷണല്‍ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടിയുടെ രക്തം, സ്രവം എന്നിവ പരിശോധയ്ക്ക് അയച്ചിച്ചിരുന്നു. ആദ്യഘട്ടം 14 ദിവസവും രണ്ടാംഘട്ടം (വീണ്ടും 14 ദിവസം) പൂര്‍ത്തീകരിച്ച ശേഷമേ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുകയുള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍