ന്യൂഡല്‍ഹി: പുരുഷ ഉദ്യോഗസ്ഥരുടെ അതേ കാര്യക്ഷമതയോടെ വനിതകള്‍ക്കും കപ്പല്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് സുപ്രീം കോടതി. നാവിക സേനയില്‍ പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകള്‍ക്കും തുല്യത ഉറപ്പുവരുത്തണം. വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 2010ലെ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നാവികസേനയില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കുന്നത് മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കമമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. സ്ത്രീകളുടെ ശാരീരികമായ ഘടനയും അവരുടെ അവകാശങ്ങളും തമ്മില്‍ ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ അനുസരിച്ചാണ് സ്ത്രീകള്‍ നാവികസേനയില്‍ തുടരുന്നത്. ഇതനുസരിച്ച് സ്ത്രീകള്‍ക്ക് നാവികസേനയില്‍ തുടരാനുള്ള പരമാവധി കാലാവധി 14 വര്‍ഷമാണ്. പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഈ സ്ഥിതി മാറും. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും അവരുടെ വിരമിക്കല്‍ കാലാവധി വരെ സര്‍വീസില്‍ തുടരാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍