കൊറോണ, മാന്ദ്യ ഭീഷണി: പലിശനിരക്ക് കുത്തനെ കുറച്ച് അമേരിക്കന്‍ കേന്ദ്രബാങ്ക്

ന്യൂയോര്‍ക്ക്: കൊറോണപടരുന്നതിന്റെ പശ്ചാത്തലത്തില്‍ സാന്പത്തികമാന്ദ്യം ഉണ്ടാക്കാതിരിക്കാന്‍ പലിശനിരക്ക് കുത്തനേ കുറച്ചുകൊണ്ട് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്). അടിസ്ഥാന പലിശനിരക്കില്‍ അര ശതമാനമാണു കുറച്ചത്. സാധാരണ കാല്‍ ശതമാനം കുറയ്ക്കുന്ന ഫെഡ് ഇത്ര വലിയ കുറവു വരുത്തിയത് സാഹചര്യത്തിന്റെ ഗൗരവം കാണിക്കുന്നു. അടിസ്ഥാന പലിശനിരക്ക് 1.5 1.75 ശതമാനത്തില്‍നിന്ന് 1.0 1.25 ശതമാനമായി.സാമ്പത്തികമാന്ദ്യം വരാതിരിക്കാന്‍ ഏകോപിച്ച നീക്കങ്ങള്‍ക്കു സമ്പന്നരാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാരും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരും ചൊവ്വാഴ്ച നടത്തിയ ടെലി കോണ്‍ഫറന്‍സിലാണ് ഈ ധാരണ. മറ്റു രാജ്യങ്ങളുമായും ഇവര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഉചിതമായ നടപടികള്‍ തക്കസമയത്ത് എടുക്കുമെന്നും അറിയിച്ചു.രോഗബാധ വ്യാപിക്കുന്നതു തടയാനായില്ലെങ്കില്‍ സാമ്പത്തികമാന്ദ്യത്തിലേക്കു ലോകം വീഴുമെന്ന് ജി7 രാജ്യങ്ങളുടെ ഗവേഷണ വിഭാഗമായ ഒഇസിഡി മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്‌നൂചിനും യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലും മുന്‍കൈയെടുത്ത് ടെലികോണ്‍ഫറന്‍സ് നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പലിശനിരക്ക് ഗണ്യമായി കുറയ്ക്കണമെന്നു ഫെഡറല്‍ റിസര്‍വ് ബോര്‍ഡി(ഫെഡ്)നോട് ആവശ്യപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍