കൊറോണ ബാധ: കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ മറൈന്‍ അക്വേറിയം അടച്ചു പൂട്ടി

വിഴിഞ്ഞം : കൊറോണ വൈറസ് ബാധ തടയാന്‍ പഴുതടച്ചുള്ള നടപടിയുമായി അധികൃതര്‍.കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ മറൈന്‍ അക്വേറിയം അടച്ചു പൂട്ടി. കോവളം ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഉല്ലാസ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തലാക്കിയ അധികൃതര്‍ ലൈറ്റ് ഹൗസിലേക്കുള്ള സന്ദര്‍ശകര്‍ക്കും വിലക്കേര്‍പ്പെടുത്തി.ദിനംപ്രതി നൂറ് കണക്കിന് വിദേശികളും ഇതര സംസ്ഥാന സഞ്ചാരികളും സന്ദര്‍ശിക്കുന്ന മറൈന്‍ അക്വേറിയം കൊച്ചിയില്‍ നിന്നുള്ള ഉന്നതരുടെ നിര്‍ദേശപ്രകാരം ഇന്നലെ മുതല്‍ അടച്ചിട്ടു. ഇന്നു മുതല്‍ ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.വിനോദ സഞ്ചാരികളുമായി കടലിലേക്ക് പായുന്ന കോവളത്തെയും പൂവാര്‍ ആറ്റുപുറത്തെയും ഉല്ലാസ ബോട്ടുകള്‍ ഇനിയൊരറിയിപ്പു ഉണ്ടാകുന്നതുവരെ വെള്ളത്തിലിറക്കരുതെന്ന മുന്നറിയിപ്പ് നോട്ടീസ് ഇന്നലെ കോവളത്തെ പ്രധാന കേന്ദ്രങ്ങളില്‍ പോര്‍ട്ട് ഓഫീസര്‍ ജിസ്‌മോന്‍ ജേക്കബ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിച്ചു.ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പോലീസുമായി ചേര്‍ന്ന് കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ഇതോടെ പൂവറില്‍ പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തി രണ്ടോളംബോട്ട് ക്ലബുകള്‍ അടച്ചു പൂട്ടി ബോട്ടുകളെ കരക്കടുപ്പിച്ചു. ഉല്ലാസത്തിന് സര്‍ഫ് ബോര്‍ഡുകള്‍ വാടകയ്ക്ക് നല്‍കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.പുതുക്കിപ്പണിയും ആധുനീക സജീകരണങ്ങള്‍ ഒരുക്കലും കഴിഞ്ഞ് സഞ്ചാരികളുടെ തിരക്ക് കൂടിയ കോവളത്തെ ലൈറ്റു ഹൗസും ഇന്നലെ മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിതകാലത്തേക്ക് അടച്ച് പൂട്ടിയ ബോര്‍ഡ് സ്ഥാപിച്ചു. ഓഫീസ് പതിവ് പോലെ പ്രവര്‍ത്തിക്കുമെങ്കിലും നിരോധന മറിയാതെ വരുന്ന സഞ്ചാരികളെ പ്രധാനകവാടത്തില്‍ തടയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍