ഇലക്ട്രിക്, സിഎന്‍ജി, എല്‍എന്‍ജി, എല്‍പിജി :

 കൊച്ചി നഗരത്തില്‍ 3000 ഓട്ടോകള്‍ക്കു പെര്‍മിറ്റ് നല്‍കും കൊച്ചി: നഗരത്തില്‍ ഇലക്ട്രിക്, സിഎന്‍ജി, എല്‍എന്‍ജി, എല്‍പിജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന 3000 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനമായി. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ നിര്‍ദേശപ്രകാരം നിബന്ധനകള്‍ക്കു വിധേയമായാണ് പെര്‍മിറ്റ് അനുവദിക്കുക. അപേക്ഷകര്‍ കൊച്ചി കോര്‍പറേഷനിലെ സ്ഥിരതാമസക്കാരായിരിക്കണം. ഒരു വ്യക്തിയുടെ പേരില്‍ ഒരു സിറ്റി പെര്‍മിറ്റ് മാത്രമേ അനുവദിക്കൂ. അപേക്ഷകന്‍ സ്ഥിരതാമസ മേല്‍വിലാസം തെളിയിക്കുന്നതിനായി രണ്ടു തെളിവുകള്‍ ഹാജരാക്കണം. സിറ്റി പെര്‍മിറ്റ് വാഹനങ്ങളുടെ കാലപ്പഴക്കം 10 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. 2011 നവംബറിനുശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സിറ്റി പെര്‍മിറ്റിന്റെ കൈമാറ്റം കോര്‍പറേഷനിലെ സ്ഥിരതാമസക്കാര്‍ തമ്മില്‍ മാത്രമേ അനുവദിക്കുകയുള്ളൂ.ബോണറ്റ് നമ്പര്‍ വാഹനത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും വലതുവശത്തായി പ്രദര്‍ശിപ്പിക്കണം. ക്രീം അല്ലെങ്കില്‍ മഞ്ഞ കളര്‍ മുന്‍ഭാഗത്ത് പെയിന്റ് ചെയ്യണം. ഇലക്ട്രിക് വാഹനത്തിലടക്കം നിയമപ്രകാരം രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഇതിനുപുറമേ പ്രത്യേക ചിഹ്നമോ അടയാളമോ നിഷ്‌കര്‍ഷിക്കുകയാണെങ്കില്‍ അതുകൂടി പ്രദര്‍ശിപ്പിക്കണം. കോര്‍പറേഷനിലെ സ്ഥിരതാമസക്കാരായ അപേക്ഷകരുടെ ഓട്ടോറിക്ഷ ഓടിച്ചുള്ള മുന്‍പരിചയം പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള മുന്‍ഗണനാക്രമത്തിന് പരിഗണിക്കും. നിലവില്‍ സിറ്റി പെര്‍മിറ്റ് ഇല്ലാതെ സിറ്റിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഉടമകള്‍ പെര്‍മിറ്റ് വേരിയേഷന് അപേക്ഷിക്കേണ്ടതാണ്. ലീഗല്‍ മെട്രോളജി അംഗീകരിച്ച ഇലക്‌ട്രോണിക്‌സ് ഫെയര്‍ മീറ്റര്‍, മോട്ടോര്‍ വാഹനവകുപ്പ് അംഗീകരിച്ച വാടക ചാര്‍ട്ട് എന്നിവ ഓട്ടോറിക്ഷയില്‍ ഉണ്ടാകണം. ഡ്രൈവര്‍ നിര്‍ബന്ധമായും നെയിം പ്ലേറ്റ് പ്രദര്‍ശിപ്പിക്കേണ്ടതും തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കേണ്ടതുമാണ്. നിബന്ധനകള്‍ക്കു വിധേയമായി സിറ്റി പെര്‍മിറ്റിന് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രണ്ട് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വാഹന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഈ മാസം 12നകം എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെട്ട അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍സ് ഇന്‍സ്‌പെക്ടര്‍മാര്‍ മുമ്പാകെ സമര്‍പ്പിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍