തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം: നാലുവര്‍ഷം മുന്‍പ് നാഗമ്പടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും, മറ്റു രണ്ടു വകുപ്പുകളിലായി ഏഴും അഞ്ചുവര്‍ഷവും കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കണമെന്നു പറഞ്ഞിട്ടില്ലാത്തതിനാല്‍ ഫലത്തില്‍ ഇത് ഇരട്ടജീവപര്യന്തമായി മാറും. അയര്‍ക്കുന്നം അമയന്നൂര്‍ മഹാത്മാകോളനിയില്‍ തങ്കച്ചന്റെ മകന്‍ രാജേഷിനെ (40) തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഇടുക്കിയിലെ ജോമോനെ (29)യാണ് അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജി വി.ബി. സുജയമ്മ ശിക്ഷിച്ചത്. 2015 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ തങ്കച്ചനെ ജോമോന്‍ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈസ്റ്റ് സിഐ ആയിരുന്ന എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും അരലക്ഷം രൂപയുമാണ് പിഴ. പിഴ അടിച്ചെങ്കില്‍ ആറു മാസം തടവ് അനുഭവിക്കണം. ഐപിസി 392 പ്രകാരം മോഷണത്തിന് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ അഞ്ചുമാസം കഠിന തടവ് അനുഭവിക്കണം. ഐപിസി 397 പ്രകാരം മോഷണത്തിനു ഏഴുവര്‍ഷം കഠിനതടവ് അനുഭവിക്കേണ്ടി വരും. കേസില്‍ 23 സാക്ഷികളും, 29 പ്രമാണങ്ങളും പത്ത് തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ഗിരിജാ ബിജു കോടതിയില്‍ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍