മുഖ്യമന്ത്രിയായ താന്‍ അടക്കമുള്ള 61 എം.എല്‍.എമാര്‍ക്ക് ജനന രേഖകളില്ലെന്ന കേജ്‌രിവാള്‍, പൗരത്വപട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ( എന്‍.പി.ആര്‍ ), ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി ) എന്നിവയ്‌ക്കെതിരെയുള്ള പ്രമേയം ഡല്‍ഹി നിയമസഭ പാസാക്കി. 70 നിയമസഭാ അംഗങ്ങളുള്ള ഡല്‍ഹി നിയമസഭയില്‍ ' നിങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടോ' എന്ന് അരവിന്ദ് കേജ്‌രിവാളിന്റെ ചോദ്യത്തിന് 61 എം.എല്‍.എമാരുടെ ഉത്തരം ഇല്ലെന്നായിരുന്നു. രാജ്യതലസ്ഥാനം പൗരത്വ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന സന്ദേശമാണ് പ്രമേയത്തിലൂെടെ നിയമസഭ പാസാക്കിയതെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ കൂട്ടത്തില്‍ താനും തന്റെ കുടുംബവും ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' എനിക്കും എന്റെ മന്ത്രിസഭയ്ക്കും കുടുംബത്തിനും പൗരത്വം തെളിയിക്കാനുള്ള രേഖകളില്ല. ഞങ്ങളെ തടങ്കല്‍ പാളയത്തിലേക്ക് അയക്കുമോ.' കേജ്‌രിവാളിന്റെ വാക്കുകള്‍. സഭയില്‍ പൗരത്വം തെളിയിക്കാന്‍ രേഖകളുള്ളവര്‍ കൈയുയര്‍ത്താനാണ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടത്. ഒന്‍പത് എം.എല്‍.എമാര്‍ മാത്രമാണ് രേഖകളുണ്ടെന്ന് പറഞ്ഞ് കൈയുയര്‍ത്തിയത്. ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് 62 എം.എല്‍.എമാരാണുള്ളത്. ശേഷിക്കുന്ന ഒന്‍പത് സീറ്റില്‍ ബി.ജെ.പി നേതാക്കളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്ത്യക്കാരനാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാമോ എന്ന് ഡല്‍ഹി മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. പൗരത്വം തെളിയിക്കുന്നതിനെക്കുറിച്ചുള്ള ഭയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.യാതൊരു രേഖകളും നല്‍കേണ്ടതില്ലെന്നും, നിങ്ങള്‍ക്ക് അറിയാവുന്ന ചോദ്യത്തിന് മാത്രം ഉത്തരം നല്‍കിയാല്‍ മതിയെന്നും ജനസംഖ്യാ രജിസ്റ്ററിനെയും പൗരത്വ പട്ടികയെയും അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞിരുന്നു. പല സംസ്ഥാനങ്ങളും ജനസംഖ്യാ രജിസ്റ്ററിനെയും പൗരത്വ പട്ടികയെയും അംഗീകരിക്കുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍