റഗുലേറ്ററുകളിലെ മണല്‍ വാരാന്‍ നടപടി, മൂന്ന് മാസത്തിനകം 60,000 ടണ്‍ മണല്‍ വിപണിയിലെത്തും

തിരുവനന്തപുരം: മഹാപ്രളയത്തില്‍ ആറ് റഗുലേറ്ററുകളില്‍ അടിഞ്ഞുകൂടിയ ഒന്നര ലക്ഷം ഘനമീറ്റര്‍ മണല്‍ (60,000 ടണ്‍) മൂന്നു മാസത്തിനകം വിപണിയിലെത്തും. മേല്‍ത്തരം പുഴമണലാണിത്. ഒരു ക്യുബിക് മീറ്ററിന് ശരാശരി 500 രൂപ കണക്കാക്കിയാലും 7.5 കോടി രൂപ വിലവരും.വെള്ളിയാങ്കല്ല്, പുരപ്പള്ളിക്കാവ്, മഞ്ഞുമ്മല്‍, ചങ്ങരംകുന്ന്, ചെന്തുരുത്തി, പൂക്കോട്ടുമന എന്നിവിടങ്ങളില്‍നിന്ന് മണല്‍ നീക്കാനാണ് ടെന്‍ഡര്‍ തുടങ്ങിയത്. ഈമാസം കരാര്‍ ഉറപ്പിക്കും. ജൂണിനകം മുഴുവന്‍ മണലും നീക്കും. മേയില്‍ ഒരു ലക്ഷം ഘനമീറ്റര്‍ മണല്‍ വില്പനയ്‌ക്കെത്തും. നിര്‍മ്മാണ സ്തംഭനം ഒഴിവാക്കാനും മണലിന്റെ വിലക്കയറ്റം തടയാനും ഇത് സഹായകമാവും. മണല്‍ വിറ്റുകിട്ടുന്ന തുകയുടെ 20 ശതമാനം റഗുലേറ്ററുകളുടെയും ഡാമുകളുടെയും അറ്റകുറ്റപ്പണിക്ക് വിനിയോഗിക്കും.പ്രധാന അണക്കെട്ടുകളിലെ മണല്‍ വാരാനുള്ള നടപടികളും ജലസേചന വകുപ്പ് തുടങ്ങുകയാണ്. പാലക്കാട്ടെ മംഗലം ഡാമില്‍ 30ലക്ഷം ഘനമീറ്റര്‍ മണലുണ്ട്. ഇതു നീക്കാന്‍ ഒരാഴ്ചയ്ക്കകം ടെന്‍ഡര്‍ തുടങ്ങും. അരുവിക്കര അണക്കെട്ടില്‍ 10ലക്ഷം ഘനമീറ്റര്‍ മണലാണുള്ളത്. ഇതു നീക്കാന്‍ ജലഅതോറിട്ടി താത്പര്യപത്രം ക്ഷണിച്ചു. അരുവിക്കര ജലസംഭരണിയുടെ പകുതിയോളം മണലടിഞ്ഞ നിലയിലാണ്. മറ്റ് അണക്കെട്ടുകളില്‍ അഞ്ച് മുതല്‍ 20 ലക്ഷം ഘനമീറ്റര്‍ വരെ മണലുണ്ടാവുമെന്നാണ് കണക്ക്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി മണല്‍വാരി വില്‍ക്കാം. പാരിസ്ഥിതിക അനുമതി ആവശ്യമില്ല. നീക്കുന്ന ചെളിക്ക് മൈനിംഗ് ആന്‍ഡ് ജിയോളജി റോയല്‍റ്റി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ മണല്‍ വേര്‍തിരിച്ച് വില്‍ക്കുമ്‌ബോള്‍ റോയല്‍റ്റി നല്‍കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍