രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

ന്യുഡല്‍ഹി: കേരളത്തില്‍ എട്ടും മഹാരാഷ്ട്രയില്‍ രണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഇറാനില്‍ കുടുങ്ങിയ 58 അംഗ ഇന്ത്യന്‍ സംഘത്തെ ഡല്‍ഹിയിലെത്തിച്ചു.പുതിയതായി കേസുകള്‍ സ്ഥിരീകരിക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കുകയാണ് കേന്ദ്ര ആരോഗ്യ വകുപ്പ്. ഇറ്റലി, കൊറിയ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ കോവിസ് 19 ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ഇന്ത്യ നിര്‍ബന്ധമാക്കി. 30 വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഇന്നലെ ഹോളി ആയിരുന്നിട്ടും വലിയ ആഘോഷങ്ങള്‍ നടന്നില്ല.കോവിഡ് 19 രോഗ ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എയര്‍ഫോഴ്‌സ് വിമാനത്തില്‍ നാട്ടിലെത്തിക്കും. ആദ്യ വിമാനത്തില്‍ എത്തിച്ച ഇറാനില്‍ നിന്നുള്ള 529 സാമ്പിളുകളുടെ ഫലം ഉടന്‍ വരും. ഡല്‍ഹിയില്‍ മെട്രോ, ബസ് സര്‍വീസുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.ജമ്മു കശ്മീരില്‍ ഈ മാസം 31 വരെ സിനിമ പ്രദര്‍ശന ശാലകള്‍ തുറക്കില്ല. ഡല്‍ഹി, ജമ്മു, ബംഗലൂരു എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 വരെ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 9 ലക്ഷം ആളുകളെ ഇതുവരെ വിവിധ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കി.ചെന്നൈയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടപടികള്‍ കൂടുതല്‍ ശക്തമാക്കി. രോഗലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന 15 വയസുകാരന്‍ ഇന്നലെ ആശുപത്രി വിട്ടു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് മന്ത്രി സി.വിജയഭാസ്‌കര്‍ അറിയിച്ചു. വിമാനത്താവളം കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്. കൂടാതെ, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.വൈറസ് ബാധിച്ചയാള്‍ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഏഴു പേര്‍ നിരീക്ഷണത്തിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍