എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കോഴിക്കോട് ജില്ലയില്‍നിന്ന് 44,586 പേര്‍

കോഴിക്കോട് : എസ്എസ്എല്‍സി പരീക്ഷ ഇന്നുതുടങ്ങി. ജില്ലയില്‍ നിന്ന് 44,586 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കഴിഞ്ഞ തവണ ഇത് 38743 ആയിരുന്നു. 5843 കുട്ടികളാണ് ഇത്തവണ കൂടുതലുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് എളേറ്റില്‍ എംജെഎച്ച്എസ്എസിലാണ്. 1027 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഒമ്പത് വിദ്യാര്‍ഥികള്‍ മാത്രമുള്ള കൊയിലാണ്ടി ജിആര്‍എഫ്ടിഎച്ച്എസ്എസിലാണ് ജില്ലയില്‍ ഏറ്റവും കുറവ് പരീക്ഷാര്‍ഥികള്‍. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ വടകരയിലാണ് കൂടുതല്‍ പരീക്ഷാര്‍ഥികളുള്ളത്. 15,648 വിദ്യാര്‍ഥികള്‍. താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ 15,588 ഉം കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 13,350 പേരും പരീക്ഷയ്ക്ക് ഒരുങ്ങി. കഴിഞ്ഞ വര്‍ഷം താമരശേരി വിദ്യാഭ്യാസ ജില്ലയിലായിരുന്നു കൂടുതല്‍ വിദ്യാര്‍ഥികള്‍. പരീക്ഷ നടത്തിപ്പിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും പരീക്ഷാ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിലേക്കുള്ള ചോദ്യപേപ്പറും ഉത്തരക്കടലാസുകളും നേരത്തെ ട്രഷറിയില്‍ എത്തിച്ചിട്ടുണ്ട്. സുരക്ഷിതമായി സീല്‍ ചെയ്ത് സൂക്ഷിച്ച ഇവ പരീക്ഷാ ദിവസം രാവിലെ ഒമ്പതിനുള്ളില്‍ ഓരോ സ്‌കൂളിലും എത്തിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന ഓരോ ക്ലസ്റ്ററിലേക്കും ഡിഇഒ ഓഫീസില്‍നിന്ന് വാഹനം വഴിയാണ് ചോദ്യപേപ്പറും ഉത്തരപേപ്പറും എത്തിക്കുക. ഓരോ കേന്ദ്രത്തിലേക്കുമുള്ള കൃത്യ സമയം കണക്കാക്കാനായി ഇന്നലെപരീക്ഷണാടിസ്ഥാനത്തില്‍ വാഹനം ഓടി. ഡിഇഒ ഓഫീസില്‍നിന്നും ദൂരെയുള്ള സ്‌കൂളിലേക്കാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പുറമെ പരിശോധനയ്ക്കായി ഡിഡിഇ, ഡിഇഒ എന്നിവരുടെ പ്രത്യേക സ്‌ക്വാഡും പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തും. ഓരോ പരീക്ഷാ കേന്ദ്രത്തിലും വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍