ഇറ്റലിയില്‍നിന്നു തിരിച്ചെത്തിയ 42 പേര്‍ ഐസൊലേഷനില്‍

കൊച്ചി: ഇറ്റലിയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ 42 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇറ്റലിയില്‍നിന്നു ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ 42 മലയാളികളെയാണ് ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്. തിരിച്ചെത്തുന്നവരെ ഐസൊലേഷനിലാക്കണം എന്നാണു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫലം നെഗറ്റീവ് ആകുന്നതുവരെ ഇവര്‍ ആശുപത്രിയില്‍ തുടരും. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയിലേക്കെത്തിയ ഇവരുടെ രക്തസാമ്പിളുകള്‍ എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനി കൊല്ലത്തെ വീട്ടിലേക്കെത്തിയതു ട്രെയിന്‍ മാര്‍ഗമാണെന്നും സൂചനകളുണ്ട്. കൊല്ലം പാരിപ്പള്ളിയിലാണ് വിദ്യാര്‍ഥിനി നിരീക്ഷണത്തിലുള്ളത്. അതേസമയം, കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കു മടങ്ങാനാകാതെ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളുടെ വീഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നാട്ടിലേക്കു മടങ്ങുന്നതിനായി ഫുമിച്ചിനോ എയര്‍പോര്‍ട്ടിലെത്തിയ നാല്‍പതോളം മലയാളികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ യാത്രയ്ക്ക് തടസം നില്‍ക്കുന്നുവെന്ന വിമാനക്കമ്പനിയുടെ വിശദീകരണത്തെത്തുടര്‍ന്നു കുടുങ്ങിയത്. ഇതോടെ നിസഹായവസ്ഥ ചൂണ്ടിക്കാട്ടി ഇവര്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീഡിയോ സന്ദേശം അയച്ചു. കൊച്ചുകുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം, പുത്തന്‍വേലിക്കര, മാള, തൃശൂര്‍ സ്വദേശികളാണ് ഇവരില്‍ ഭൂരിഭാഗവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍