കോട്ടയത്ത് 4 പേരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും രണ്ടു പേരെ വീതം കൊറോണ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇനി ഒമ്പതു പേരാണ് ആശുപത്രികളിലുള്ളത്.പുതിയതായി ആരെയും ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി ഒരാളുടെയും നേരത്തേ നെഗറ്റീവായിരുന്ന നാലുപേരുടെയും സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയില്‍ ജനസമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 942 ആയി. ഇതില്‍ 465 പേര്‍ കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. വിദേശത്തു നിന്നെത്തിയ 155 പേര്‍ക്കാണ് ഇന്നലെ ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 59 പേരും എറണാകുളത്തെ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 42 പേരും ഉള്‍പ്പെടെ പ്രൈമറി കോണ്‍ടാക്ട്‌സ് വിഭാഗത്തില്‍ 101 പേരും ഇവരുമായി അടുത്ത് ഇടപഴകിയ സെക്കന്‍ഡറി കോണ്‍ടാക്ട്‌സ് വിഭാഗത്തില്‍ 376 പേരും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.കോട്ടയം മീനടം മേഖലയില്‍ കൊറോണ ബാധയുണ്ടെന്ന വ്യാജ സന്ദേശം വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത പാമ്പാടി വട്ടമലപ്പടി നിസാറിനെ (46) ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തു. വ്യാജ സന്ദേശത്തിലൂടെ ഭീതി പരത്താന്‍ ശ്രമിച്ചതിനാണ് നടപടി. ഇയാളെ ജാമ്യത്തില്‍ വിട്ടു. ആരോഗ്യ വകുപ്പില്‍ നിന്നുള്ള വിവരം എന്ന മട്ടിലാണ് വാട്‌സാപ്പില്‍ വോയ്‌സ് മെസേജ് പോസ്റ്റ് ചെയ്തത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍