ഈ സര്‍ക്കാര്‍ 3000 റോഡുകള്‍ നിര്‍മിച്ചു: മന്ത്രി സുധാകരന്‍

പയ്യന്നൂര്‍: ഈ സര്‍ക്കാര്‍ ഭരണമേറ്റശേഷം 3000 റോഡുകള്‍ നിര്‍മിച്ചുവെന്നും 4000 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പുതുക്കി നിര്‍മിച്ചുവെന്നും 514 പാലങ്ങളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി ജി.സുധാകരന്‍. പയ്യന്നൂരിന് സമീപത്തെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന കാങ്കോല്‍ചീമേനി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.1461 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മലയോര ഹൈവേ സര്‍ക്കാര്‍ ഏറ്റെടുത്തു.19 റീച്ചുകളിലായി ഇതിന്റെ നിര്‍മാണം നടന്നു വരികയാണ്. കണ്ണൂര്‍ ജില്ലയിലെ 82 കിലോമീറ്ററിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി 21ന് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാബിനറ്റിന്റെ തീരുമാനമുണ്ടായിട്ടും മലയോര ഹൈവേയ്ക്ക് വനം വകുപ്പ് അനുമതി നല്‍കാത്ത അവസ്ഥയാണുള്ളതെന്നും ഇത് തെറ്റായ പ്രവണതയാണെന്നും മന്ത്രി പറഞ്ഞു. 660 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരദേശ ഹൈവേയ്ക്കായി സര്‍ക്കാര്‍ 6,500 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. സി. കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നുറുദീന്‍, കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉഷ, കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രാഘവന്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ഇ.ജി.വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എം. ജഗദീഷ്, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി. ശശി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍