25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍; ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചേക്കും

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലിചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയില്‍ ജാഗ്രത. രോഗംബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ആശുപത്രിയിലാണ് ഈ ഡോക്ടര്‍ ജോലി ചെയ്തിരുന്നത്. ഇതേതുടര്‍ന്ന്, ശസ്ത്രക്രിയകള്‍ ഇവിടുത്തെ നിര്‍ത്തിവച്ചേക്കും. അഞ്ചു വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പെയിനില്‍ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.ഡോക്ടറുടെ യാത്രാവഴി തിങ്കളാഴ്ച പുറത്തുവിട്ടേക്കും. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയിരുന്നു. ഇതേതുടര്‍ന്നാണ് ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലായത്. കേരളത്തില്‍ ഇതുവരെ കോവിഡ്19 രോഗം 24 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 156 രാജ്യങ്ങളിലാണ് കോവിഡ്19 പടര്‍ന്നുപിടിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍